എലിപ്പനി പ്രതിരോധം: വെള്ളക്കെട്ടിലിറങ്ങിയവർ ഡോക്‌സിസൈക്ലിൻ കഴിക്കണം
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഇറങ്ങി നടക്കേണ്ടി വന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും ഈ പ്രതിരോധ ഗുളിക സൗജന്യമായി ലഭിക്കും.
എലി, കന്നുകാലികൾ, നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന 'ലെപ്ടോസ്പൈറ' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. രോഗവാഹകരായ ജീവികളുടെ മൂത്രം കലർന്ന വെള്ളത്തിലോ, ചെളിയിലോ, ഈർപ്പമുള്ള മണ്ണിലോ സമ്പർക്കമുണ്ടായാൽ ഈ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കാം.
കഠിനമായ പനി, തലവേദന, പേശിവേദന (പ്രത്യേകിച്ച് കാൽവണ്ണയിലെ പേശികളിൽ), വയറുവേദന, ഛർദ്ദി, കണ്ണിൽ ചുവപ്പുനിറം, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പ്ലമ്പർമാർ, പെയിന്റർമാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർ, മലിനജലത്തിൽ ഇറങ്ങുന്നവർ എന്നിവർക്ക് എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലായതിനാൽ കൈയ്യുറകളും കാലുറകളും ധരിക്കണം.
ശരീരത്തിൽ മുറിവുകളുള്ളവർ യാതൊരു കാരണവശാലും മലിന ജലത്തിൽ ഇറങ്ങുകയോ മണ്ണിൽ ജോലി ചെയ്യുകയോ ചെയ്യരുത്. മലിന ജലത്തിൽ ഇറങ്ങി നടക്കേണ്ടി വന്നാൽ എത്രയും വേഗം കാലുകൾ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഡോക്‌സിസൈക്ലിൻ ഗുളികകൾ കൃത്യമായി കഴിക്കണമെന്നും സ്വയംചികിത്സ ഒഴിവാക്കി രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.








