എബോള വൈറസ് ബാധ: ജാഗ്രത പാലിക്കാം, പ്രതിരോധം നമ്മുടെ കൈകളിൽ

post

എബോള വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും മറ്റും വരുന്ന യാത്രക്കാരും പൊതുജനങ്ങളും കർശനമായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. മാരകമായ ഈ വൈറസ് ബാധയ്‌ക്കെതിരെ ശരിയായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ നമുക്ക് സുരക്ഷിതരാകാം.


ശ്രദ്ധിക്കേണ്ട പ്രധാന രോഗലക്ഷണങ്ങൾ

എബോള ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആരോഗ്യവിഭാഗത്തെ അറിയിക്കേണ്ടതാണ്:


പനി, കഠിനമായ ക്ഷീണം


  • തലവേദന, പേശിവേദന

  • തൊണ്ടവേദന, ചർദ്ദി

  • വയറിളക്കം

  • അകാരണമായ രക്തസ്രാവം


യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ വിമാനത്താവളത്തിലോ തുറമുഖത്തോ വെച്ച് ആരോഗ്യ സ്ക്രീനിംഗിന് വിധേയരാകണം.


വിമാനത്തിൽ വെച്ച്: യാത്രയ്ക്കിടയിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വിമാന ജീവനക്കാരെ അറിയിക്കുക.


സെൽഫ് ഡിക്ലറേഷൻ: എയർപോർട്ടിലെത്തിയാൽ സെൽഫ് ഡിക്ലറേഷൻ ഫോമിൽ നാട്ടിലെ താമസസ്ഥലം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.


സമ്പർക്കം വെളിപ്പെടുത്തുക: എബോള ബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം നിർബന്ധമായും സ്ക്രീനിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണം.


ഐസൊലേഷൻ: ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്ന ഐസൊലേഷനിൽ കഴിയാൻ സന്നദ്ധരാകണം.


വീട്ടിലെത്തിയാൽ പാലിക്കേണ്ട മുൻകരുതലുകൾ

ആരോഗ്യ പ്രവർത്തകരെ അറിയിക്കുക: വിദേശത്തുനിന്നും എത്തിയ ഉടൻ തന്നെ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക.


ക്വാറന്റൈൻ: സമ്പർക്കം ഇല്ലാത്തവരും ലക്ഷണങ്ങൾ ഇല്ലാത്തവരും വീട്ടിലെത്തിയാൽ 21 ദിവസം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക.


ലക്ഷണങ്ങൾ കണ്ടാൽ: നാട്ടിലെത്തി 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക.


ശുചിത്വം പാലിക്കുക: സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. അല്ലാത്തപക്ഷം സാനിറ്റൈസർ ഉപയോഗിക്കുക.


കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ആരോഗ്യവകുപ്പിന്റെ ദിശ (DISHA) ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

1056, 104, 0471-2552056, വെബ്സൈറ്റ്: https://health.kerala.gov.in/health-alerts/ebola-public-health-alert