പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയതു

post

പത്തനംതിട്ട: ഇത്തവണ പമ്പാ ഡാം തുറന്നിട്ടും പമ്പയാറിന്റെ തീരങ്ങളില്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വെള്ളം കയറാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലം. അതിതീവ്ര മഴയെത്തുടര്‍ന്ന് പമ്പ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിലെ ആറ് ഷട്ടറുകള്‍ തുറന്നതോടെ മറ്റൊരു പ്രളയമാണ് പമ്പയാറിന്റെ തീരത്തുള്ളവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ അതിതീവ്ര മഴയ്ക്ക് മുമ്പുതന്നെ നീക്കം ചെയ്തിരുന്നതിനാല്‍ ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളം സുഗമമായി ഒഴുകിപ്പോയി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ മുന്‍കരുതലിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളാണ് സഹായകമായത്. വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ. യു. ജനീഷ് കുമാര്‍ എന്നിവരുടെയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നദീതീരങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിച്ചിരുന്നു. 

നദിയിലെ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത് ഇതുവരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പമ്പാത്രിവേണിയെ ബാധിക്കാതെ പോയതിനു സഹായകമായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. 74,500 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. പമ്പത്രിവേണിയിലെ 2.2 കിലോമീറ്റര്‍ സ്ഥലമാണ് ഇത്തരത്തില്‍ വൃത്തിയാക്കിയത്. 2020 ജൂലൈ മൂന്നിന് ആരംഭിച്ച പ്രവര്‍ത്തനം ജൂലൈ അവസാനമാണ് പൂര്‍ത്തിയാക്കിയത്. 17,500 ട്രക്ക് മണല്‍, മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പമ്പ ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്പ ഉള്‍പ്പടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളില്‍ നിന്നും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നു. 

റാന്നി താലൂക്കില്‍ 26, കോഴഞ്ചേരി താലൂക്കില്‍ ആറ്, അടൂര്‍ താലൂക്ക് രണ്ട്, കോന്നി താലൂക്ക് രണ്ട്, തിരുവല്ല താലൂക്ക് ആറ്, മല്ലപ്പള്ളി താലൂക്ക് രണ്ട് എന്നീ കടവുകളിലെ ഭൂരിഭാഗം കടവുകളിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. ഇനി കുറച്ചു കടവുകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലാണ് പൂര്‍ത്തിയാകുവാനുള്ളത്. മുന്നൊരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചുവെങ്കിലും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ ചില തടസങ്ങള്‍ സൃഷ്ടിച്ചു. 

2018ലെ പ്രളയത്തിനുശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് 2005 സെക്ഷന്‍ 34 ഡി ആക്ട് പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അധികാരമുപയോഗിച്ചാണ് കളക്ടര്‍ മണല്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. എസ്.ഡി.ആര്‍.എഫ്. ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തുതന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്.