തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്.എല്‍.സി) ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ ഇലക്ഷന്‍ വെയര്‍ ഹൗസിനു സമീപമുള്ള ഹാളില്‍ നടക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിംഗ് മെഷീനുകളുടെ ആധികാരികത ഉറപ്പാക്കുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായ നടപടിയാണ്. എഫ്.എല്‍.സി പ്രവര്‍ത്തനം വളരെ കൃത്യതയോടും കാര്യക്ഷതയോടും ഏറ്റെടുക്കേണ്ട ഒന്നാണ്. എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്.
ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചുമതലയില്‍ നടക്കുന്ന എഫ്.എല്‍.സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസര്‍ ആയി കോന്നി ഭൂരേഖ തഹസില്‍ദാര്‍ പി. സുദീപിനെ നിയോഗിച്ചു. ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ്. എഫ്.എല്‍.സി പ്രവര്‍ത്തനം നടക്കുന്നത് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എഫ്.എല്‍.സി ഹാളിലേക്കുള്ള പ്രവേശനം മെറ്റല്‍ ഡിറ്റക്ടര്‍ വഴി ആയിരിക്കും.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, മാസ്റ്റര്‍ ട്രെയിനര്‍മാരായ രജീഷ് ആര്‍ നാഥ്, വി ഷാജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.