വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

post

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.  അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു. 

ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു 

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട  വിവരങ്ങൾക്ക്എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493. 

പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. 

അപകടത്തില്‍ പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.