വന്യജീവി ആക്രമണത്തിൽ കൃഷിനാശം: കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ചു
വന്യജീവി ആക്രമണത്തെത്തുടർന്ന് കൃഷിനാശം നേരിടുന്ന കർഷകർക്ക് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തുക ഇരട്ടിയായി വർധിപ്പിച്ചു. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന കർഷകരുടെ ദീർഘകാലത്തെ പരാതിക്കാണ് ഈ തീരുമാനത്തിലൂടെ പരിഹാരമാകുന്നത്. 2015-നു ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ സർക്കാർ വീണ്ടും പരിഷ്കരിക്കുന്നത്.
കർഷകരുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ച് വനംവകുപ്പുമായി രണ്ടുതവണ ചർച്ചകൾ നടത്തിയിരുന്നു. നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. തേങ്ങ ഒന്നിന് 15 രൂപയും കൊക്കോ കിലോഗ്രാമിന് 30 രൂപയും നിരക്കിൽ നഷ്ടപരിഹാരം അനുവദിക്കും.
നേരത്തെ തെങ്ങും കൊക്കോ മരവും പൂർണ്ണമായി നശിച്ചാൽ മാത്രമായിരുന്നു നഷ്ടപരിഹാരം ലഭിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം വിളകൾക്കും നഷ്ടപരിഹാരം ലഭിക്കും. വയനാട് ഉൾപ്പെടെ വന്യജീവി ആക്രമണത്തിന്റെ വലിയ ദുരിതം നേരിടുന്ന മലയോര മേഖലകളിലെ കർഷകർക്ക് സർക്കാരിന്റെ ഈ തീരുമാനം ഏറെ ആശ്വാസകരമാകും.











