സംസ്ഥാനത്തു കന്നുകാലികളിലെ കുളമ്പുരോഗ, ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെയ്പ്പിനു ഡിസംബർ 17ന് തുടക്കം

post

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഏഴാം ഘട്ടത്തിനും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും ഡിസംബർ 17ന് തുടക്കം. വൈകിട്ട് 3 മണിക്ക് വയനാട് പൂക്കോട് വെറ്ററിനറി കോളേജ് ഓഡിറ്റോറിയത്തിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.റെജിൽ എം സി യുടെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

ജനുവരി 23 വരെ 30 പ്രവൃത്തി ദിവസം കൊണ്ട് ഈ യജ്ഞം പൂർത്തീകരിയ്ക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 4 മാസത്തിനു മുകളിൽ പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട മുഴുവൻ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്പിന് വിധേയമാക്കും. ചർമ്മ മുഴരോഗ പ്രതിരോധ കുത്തിവെയ്പ്പ് 4 മാസത്തിനു മുകളിൽ പ്രായമുള്ള പശു വർഗ്ഗത്തിൽപ്പെട്ട ഉരുക്കൾക്കു മാത്രമാണ് നൽകുന്നത്. മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ടീമുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തി തികച്ചും സൗജന്യമായാണ് ഉരുക്കൾക്കു പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നത്. ഇതിനായി സംസ്ഥാനമൊട്ടാകെ 1916 സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

കന്നുകാലികളുടെ ആരോഗ്യത്തെയും, ഉൽപ്പാദനക്ഷമതയെയും സാരമായി ബാധിക്കുന്ന സാംക്രമിക വൈറൽ രോഗങ്ങളാണ് കുളമ്പുരോഗവും (FMD) ചർമ്മമുഴരോഗവും (LSD). ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ പാലിച്ചുകൊണ്ട് സമയബന്ധിതമായ പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെ മാത്രമേ ഈ രോഗങ്ങൾ തടയുവാൻ കഴിയുകയുള്ളു. ഇത്തരം പ്രതിരോധ കുത്തിവയ്പ്പുകൾ കന്നുകാലികളിലെ രോഗത്തെ തടഞ്ഞു അവയുടെ ഉൽപാദനശേഷി നിലനിർത്തുന്നതോടൊപ്പം രോഗബാധയോടനുബന്ധിച്ച് ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾക്കുള്ള ചികിത്സയായി നൽകുന്ന ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും കുറയ്ക്കുന്നു. അതുവഴി Antimicrobial resistance (AMR) ഉണ്ടാകുന്നത് തടയുകയും, ഭക്ഷ്യ സുരക്ഷ (പാൽ, മാംസം, അവയുടെ ഉൽപ്പന്നങ്ങൾ) ഉറപ്പാക്കുകയും ചെയ്യുന്നു.

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്:

4 മാസത്തിനു മുകളിൽ പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട മുഴുവൻ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്പിന് വിധേയമാക്കും.

4 മാസത്തിൽ താഴെയുള്ള പശു/കാളക്കുട്ടികൾ, ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളിലുള്ള മൃഗങ്ങൾ, രോഗബാധിതരായ മൃഗങ്ങൾ, എന്നിവയ്ക്ക് വാക്‌സിനേഷൻ നൽകുന്നതല്ല.

റിംഗ് വാക്‌സിനേഷന്റെ ഭാഗമായി മൂന്ന് മാസത്തിനകം കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ നൽകിയിട്ടുള്ള കന്നുകാലികൾക്ക് ഈ ക്യാമ്പെയ്ൻ വേളയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതല്ല.

ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെയ്പ്പ്:

4 മാസമോ അതിൽ കൂടുതലോ പ്രായമുള്ള ആരോഗ്യമുള്ള കന്നുകാലികൾക്ക് ചർമ്മമുഴരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതാണ്.

എരുമകളെ ചർമ്മമുഴരോഗ പ്രതിരോധ വാക്‌സിനേഷനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഗർഭിണികളായ മൃഗങ്ങൾക്ക് ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും സുരക്ഷിതമായി പ്രതിരോധ കുത്തിവയ്പ്പ് നൽകാം.

രോഗബാധിതരായ മൃഗങ്ങൾ, 4 മാസത്തിൽ താഴെയുള്ള മൃഗങ്ങൾ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വാക്‌സിൻ സ്വീകരിച്ച മൃഗങ്ങൾ എന്നിവയ്ക്ക് ഈ ക്യാമ്പയിൻ വേളയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതല്ല.