ആറേക്കറിൽ ജൈവ കൃഷി: ആദ്യ വിളവ് ജനകീയ ഹോട്ടലിന്

തൃശൂര്‍: സുഭിക്ഷ കേരളം പദ്ധതിയിൽ വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആറേക്കറിലെ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. ആദ്യ വിളവ് ജനകീയ ഹോട്ടലിന് നൽകി വിഷമയമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു. കൊള്ളി, കൂർക്ക, അമര, ചേമ്പ്, ചോളം, മുളക്, പതിനെട്ടുമണി പയർ, വെള്ളരി, പടവലം, തക്കാളി, വെണ്ട, ചെണ്ടുമല്ലി എന്നിവയാണ് കൃഷി ചെയ്തത്. കീഴാർ നെല്ലി, കസ്തൂരി മഞ്ഞൾ, കുറുംന്തോട്ടി, ദന്ത പാലാ, കരിമഞ്ഞൾ തുടങ്ങി അമ്പതിൽപരം ഔഷധ ചെടികളുടെ കൃഷിയും ആരംഭിച്ചിട്ടുണ്ട്.
ആദ്യ വിളവെടുപ്പ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് നിർവ്വഹിച്ചു. ഔഷധ തോട്ടം ഡോ. സിദ്ധാർത്ഥ ശങ്കർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഔഷധ കഞ്ഞിയും പയർ ഇല തോരനും വിതരണം ചെയ്തു. ആദ്യ വിളവെടുപ്പിൽ ലഭിച്ച പയർ ജനകീയ ഹോട്ടലിന് വേണ്ടി സി. ഡി. എസ്. ചെയർപേഴ്സൺ മല്ലിക ദേവൻ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ആർ. ബാബു, ബാങ്ക് ഡയറക്ടർ സി. കെ. കുട്ടൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഔഷധ ചെടികൾ പാകമായാൽ വലപ്പാട് ആയുർവേദ ആശുപത്രിയിലേക്ക് കൈമാറുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.