അധികാരം ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല : സ്പീക്കര്‍

post

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
മലപ്പുറം : വിനയത്തോടെയുള്ള പെരുമാറ്റത്തിലൂടെ ഗുണഭോക്താക്കളില്‍ സന്തോഷം പകരുന്നതിന് പകരം അധികാരം കൊണ്ട് അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രമിക്കരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഭരണ പ്രക്രിയകള്‍ താഴെ തട്ടിലെത്തിക്കുന്ന പ്രാദേശിക സര്‍ക്കാറാണ് തദ്ദേശ സ്ഥാപനങ്ങളെന്നും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള ഓട്ടോറിക്ഷകളുടെയും ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളുടെയും താക്കോല്‍ ദാനവും സ്പീക്കര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ഉപകരങ്ങളുടെ വിതരണം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല നിര്‍വഹിച്ചു. സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായിരുന്നു. നാടിന്റെ വികസന കാര്യത്തിനായി എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം.എല്‍ എ ഓര്‍മപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍,  മെമ്പര്‍മാരായ വി.ഇ അബ്ദുല്‍ ലത്തീഫ്, പി.നസറുള്ള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുഞ്ഞിബാവ, ഫൈസല്‍ എടശ്ശേരി, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ സി.പി സൈഫുന്നിസ, കെ.വസന്ത, സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഉമ്മര്‍, ബ്ലോക്ക് സെക്രട്ടറി എ.ആതിര  എന്നിവര്‍ പങ്കെടുത്തു