ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

post

പാലക്കാട് : ആലത്തൂര്‍-കോങ്ങാട് പോലീസ്  സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷന്‍ ക്വോട്ടേഴ്‌സ് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് സേനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് കേരള ജനത കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരിയെ എങ്ങനെ മെരുക്കാമെന്ന  പരിശ്രമത്തിലാണ് കേരളം. ഈ ദൗത്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും. പകര്‍ച്ചവ്യാധിയെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഫലപ്രദമായി ഇടപെടാന്‍ പോലീസ് സേനയ്ക്ക് കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കിയ പോലീസ് സേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് രാപകലില്ലാതെ പോലീസ് സേന പരിശ്രമിക്കുന്നുണ്ട്. സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍, സൗകര്യങ്ങള്‍, വികസനങ്ങള്‍ എന്നിവ നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

പോലീസ് സംവിധാനം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മതിയായ സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഇടങ്ങളാണ് പോലീസ് സ്റ്റേഷനുകളെന്നും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  കുടുംബത്തോടൊപ്പം കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ കഴിയുമെന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തന്നെ കുടുംബത്തിനൊപ്പം കഴിയുന്നതിനുള്ള അവസരം ഒരുക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാന പാലനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുമായി കൂടുതല്‍ വീര്യത്തോടെ ഇടപെടാന്‍ പോലീസ് സേനക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.