പട്ടുനൂൽ കർഷകർക്ക് കൈത്താങ്ങായി പദ്ധതികളുടെ ഏകോപനം

post

​പാലക്കാട് ജില്ലയിലെ പട്ടുനൂൽ കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ സമന്വയിപ്പിക്കാൻ എം.ആർ.എം.എ കൺവെർജൻസ് യോഗം തീരുമാനിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ ചേംബറിൽ പാലക്കാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ അധ്യക്ഷതയിലായിരുന്നു യോഗം.


​സെറികൾച്ചർ പദ്ധതിയെ വി.ബി.ജി.വി.ജി, എൻ.ആർ.എൽ.എം, ആത്മ, കുടുംബശ്രീ തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാനും കമ്മ്യൂണിറ്റി തലത്തിൽ പട്ടുനൂൽപ്പുഴു കൃഷി നടത്തുന്നവർക്ക് വർക്ക് ഷെഡ്, മാർക്കറ്റിംഗ്, ക്രോപ്പ് പ്ലാന്റേഷൻ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


​കൃഷി ആരംഭിക്കുന്ന ഘട്ടത്തിൽ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ കർഷകർ നേരിടുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. സെറികൾച്ചർ പദ്ധതികളെക്കുറിച്ച് ബാങ്കുകൾക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് തടസ്സങ്ങൾക്ക് കാരണം. ബാങ്ക് അധികൃതർക്കായി ബോധവൽക്കരണം സംഘടിപ്പിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.


കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതിക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീ, സി.സി.എസ്, ബ്ലോക്ക് തലങ്ങളിൽ അഗ്രികൾച്ചർ ഓഫീസർമാർ, എസ്.സി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികൾ, പ്രോഗ്രാം കോഡിനേറ്റർമാർ, സെറികൾച്ചർ കർഷകർ തുടങ്ങിയവത്തിൽ യോഗത്തിൽ പങ്കെടുത്തു.