പ്രകാശ പൂരിതമായി മണക്കാട് ഗ്രാമ പഞ്ചായത്ത്

post

ഇടുക്കി : മണക്കാട് ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോവുന്ന പൊതുമരാമത്ത് റോഡുകളിലെ വൈദ്യുതി തൂണുകളില്‍ എല്‍.ഇ.ഡി.  ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായി.   ഒരാഴ്ചയായി നടക്കുന്ന ജോലിയാണ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇരുപത്തിയഞ്ച് വാട്സ് പ്രകാശം പരത്തുന്ന രണ്ട് വര്‍ഷം വാറന്റിയുള്ള  അറുന്നൂറ്റി രണ്ട് എല്‍.ഇ.ഡി. ലൈറ്റുകളാണ് ഇതിനോടകം  ഘടിപ്പിച്ചത്.  13 വാര്‍ഡുകളിലുമായി തെരുവ്

 വിളക്കുകള്‍ ഇല്ലാതിരുന്ന ഗ്രാമീണ റോഡുകളിലും പഞ്ചായത്ത് റോഡുകളിലും വഴിവിളക്കുകള്‍ ഘടിപ്പിക്കുന്ന ജോലി ഭരണ സമതിയുടെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നു.

     ഇതുകൂടാതെ   തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച പതിനൊന്ന് ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപയും ചേര്‍ത്ത് പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റ്രീറ്റ് ലൈറ്റ് ലൈനുകള്‍ ഇല്ലാത്ത ഗ്രാമീണ റോഡുകളില്‍ അവ സ്ഥാപിക്കുന്നതിനും എല്‍.ഇ.ഡി. ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനുമുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജോലികള്‍ വൈദ്യുതി വകുപ്പ് കാലതാമസമില്ലാതെ ഏറ്റെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വല്‍സ ജോണും വൈസ് പ്രസിഡന്റ് ബി.ബിനോയിയും അറിയിച്ചു.