വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ്:ലഭ്യമാകുന്നത് 1,21,400 കുട്ടികള്‍ക്ക്

post

മലപ്പുറം : കോവിഡ് 19ന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കൂള്‍ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തിരൂരങ്ങാടി സപ്ലൈക്കോ ഡിപ്പോയില്‍ പുരോഗമിക്കുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ താലൂക്കുകളിലെ  1,21,400 കുട്ടികള്‍ക്കുള്ള കിറ്റുകളാണ് തിരൂരങ്ങാടി ഡിപ്പോ വഴി നല്‍കുന്നത്. തിരൂരങ്ങാടി സപ്ലൈകോ ഡിപ്പോക്കു കീഴിലുള്ള 25 പാക്കിങ് സെന്ററുകളിലായി കിറ്റുകളുടെ പാക്കിങ് പുരോഗമിക്കുകയാണ്.

 പ്രീ പ്രൈമറി വിഭാഗം 7,311, എല്‍.പി വിഭാഗം 69,958, യു.പി 44,131 എന്നിങ്ങനെയാണ് കിറ്റുകള്‍ നല്‍കുന്നത്. പ്രീ പ്രൈമറി വിഭാഗത്തിന്റെ മുഴുവന്‍ കിറ്റുകളുടെയും എല്‍.പി വിഭാഗത്തിന്റെ 41,285 കിറ്റുകളുടെയും വിതരണം പൂര്‍ത്തിയായി.

വേങ്ങര, കൊണ്ടോട്ടി, പരപ്പനങ്ങാടി, താനൂര്‍, കിഴിശ്ശേരി തുടങ്ങിയ ഉപജില്ലകളിലെ 268 സ്‌കൂളുകളിലേക്കാണ്  സപ്ലൈക്കോ കിറ്റുകള്‍  കൈമാറുന്നത്. അരി, പഞ്ചസാര, ഉപ്പ്, ആട്ട, മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ചെറുപയര്‍, കടല, തുവരപരിപ്പ് തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

  പ്രീപ്രൈമറി വിഭാഗത്തിന് 1. 2 കിലോ ഗ്രാം അരിയും, പഞ്ചസാര,  ആട്ട  തുടങ്ങിയവ ഒരു കിലോഗ്രാം, ചെറുപയര്‍, കടല, പരിപ്പ് തുടങ്ങിയവ 500 ഗ്രാം വീതവും  കറി പൗഡറുകള്‍ 100 ഗ്രാമുമാണ് വിതരണം ചെയ്യുന്നത്. എല്‍.പി വിഭാഗത്തിന് നാല് കിലോ അരിയും യു.പി വിഭാഗക്കാര്‍ക്ക് ആറ് കിലോ അരിയും ചെറുപയര്‍, പരിപ്പ്, കടല തുടങ്ങിയവ ഒരോ കിലോ വീതമാണ്  നല്‍കുന്നത്.