ജില്ലാപഞ്ചായത്തില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
 
                                                മലപ്പുറം  : ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ശിങ്കാരിമേളം പരിശീലനം ലഭിച്ച പട്ടികജാതി യുവതീ-യുവാക്കള്‍ക്കുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 22 ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. ഒരു ഗ്രൂപ്പിന് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ വാദ്യോപകരണങ്ങള്‍ നല്‍കിയിരുന്നു.
2019-20 വാര്‍ഷിക പദ്ധതിയില്‍ 23 ഗ്രൂപ്പുകള്‍ക്ക് 29ലക്ഷം രൂപ ചെലവിലാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. 2015-16 വാര്‍ഷിക പദ്ധതിയില്‍ 31 ഗ്രൂപ്പുകള്‍ക്കും 2016-17 പദ്ധതിയില്‍ 10 ഗ്രൂപ്പുകള്‍ക്കും വാദ്യോപകരണങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ നല്‍കുന്നതിനായി ചെലവഴിച്ചിട്ടുള്ളത്. ഒരു ഗ്രൂപ്പില്‍ പന്ത്രണ്ടോ, പതിനഞ്ചോ ആളുകള്‍ വീതമാണ് ഉള്ളത്. പതിനഞ്ച് പേരടങ്ങുന്ന ഗ്രൂപ്പില്‍ അഞ്ച് ഇടന്തല, അഞ്ച് വലന്തല, അഞ്ച് ഇലത്താളം എന്നിവയും, പന്ത്രണ്ട് പേരടങ്ങുന്ന ഗ്രൂപ്പില്‍ നാല് ഇടന്തല, നാല് വലന്തല, നാല് ഇലത്താളം എന്നിങ്ങനെയാണ് നല്‍കിയത്.
വരിക്കപ്ലാവിന്‍കുറ്റി, മൂരിത്തോല്‍ എന്നിവ ഉപയോഗിച്ചാണ് ചെണ്ടകള്‍ നിര്‍മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം വാദ്യകലാകാരന്‍ സന്തോഷ് ആലങ്കോട് വാദ്യോപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം നടത്തിയത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മയില്‍ മൂത്തേടം, അഡ്വ. ടി.കെ.റഷീദലി, കെ.എം.റഫീക്ക, ഫാത്തിമ സുഹ്‌റ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുള്‍ റഷീദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










