കണ്ണേരച്ചാല്‍ സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തിയായി

post

തൃശൂര്‍: എറിയാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ കണ്ണേരച്ചാല്‍ പ്രദേശത്തെ സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ലൂയിസ് നിര്‍മ്മിച്ചത്. പുഴയില്‍ നിന്നും ബ്ലാങ്ങാച്ചാല്‍ തോട്ടില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള തടയണയായാണ് സ്ലൂയിസ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ കണ്ണേരച്ചാല്‍ പ്രദേശത്ത് വേലിയേറ്റ സമയങ്ങളിലും വേനല്‍ കാലത്തും ബ്ലാങ്ങാച്ചാല്‍ തോട്ടില്‍ നിന്നും സമീപ പ്രദേശത്തെ ചെറിയ തോടുകളിലേക്കും പറമ്പിലേക്കും ഉപ്പ് കലര്‍ന്ന വെള്ളം കയറുന്നത് നിത്യസംഭവം ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഏക്കറുകളോളം വരുന്ന ഭൂപ്രദേശത്തെ കുളങ്ങളും കിണറുകളിലുമെല്ലാം ഉപ്പ് വെള്ളം കലര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാതെ സാഹചര്യം നിലനിന്നിരുന്നു. കൂടാതെ പ്രദേശത്തെ മുഴുവന്‍ ഫല വൃക്ഷങ്ങളും നശിച്ച് പോകാറുമായിരുന്നു പതിവ്. സ്ലൂയിസ് വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു