ഓളങ്ങള്‍ കീഴടക്കി ഡോള്‍ഫിന്‍ രതീഷിന്റെ സാഹസിക നീന്തല്‍

കൊല്ലം: വരിഞ്ഞു കെട്ടിയ കൈകാലുകളുമായി കാണികളെ ആവേശഭരിതരാക്കി ഡോള്‍ഫിന്‍ രതീഷ് നീന്തിക്കയറി. ബീച്ച് ഗെയിംസ് 2019 ന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച സാഹസിക നീന്തല്‍ പ്രകടനം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ രതീഷിന്റെ കൈകാലുകള്‍ ബന്ധിച്ചതോടെ ആകാംഷയായി കാണികള്‍ക്ക്. കടലിലേക്ക് കലക്ടറും സാഹസിക നീന്തലിന് സാക്ഷിയാകാന്‍ ബോട്ടില്‍ തിരിച്ചു. ശക്തികുളങ്ങര പുലിമുട്ടിന് സമീപത്ത് നിന്ന് കടലിലേക്ക് ചാടിയ രതീഷ് 10 മിനിറ്റ് കൊണ്ട് ഡോള്‍ഫിനെപോലെ കരയിലേക്ക് നീന്തി കയറുകയായിരുന്നു. അതിശയയിപ്പിക്കുന്നതും ആവേശം പകരുന്നതുമായിരുന്നു പ്രകടനം.
ചെറിയഴീക്കല്‍ സ്വദേശിയായ രതീഷ് 12 വര്‍ഷമായി കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡാണ്. ബന്ധിപ്പിക്കപ്പെട്ട കൈകാലുകളുമായി ഡോള്‍ഫിനെ പോലെ നീന്തുന്നത് കൊണ്ട് ഡോള്‍ഫിന്‍ രതീഷ് എന്നു പേരും വീണു. സര്‍ക്കാരിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ മുഖ്യ പങ്കാളികൂടിയാണ്. മൂന്ന് തവണ സാഹസിക നീന്തലിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി. മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിന് യുവതലമുറയെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പ്രകടനം നടത്തിയതെന്ന് ഡോള്‍ഫിന്‍ രതീഷ് പറഞ്ഞു. പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി നൂറ് കണക്കിന് പേരെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ബീച്ച് ഗെയിംസ് സംഘാടക സമിതിയുടെ ഉപഹാരം രതീഷിന് ജില്ലാ കലക്ടര്‍ സമ്മാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.