പെരുവന്താനം ഗ്രാമപഞ്ചായത്തിന് നവീകരിച്ച ഓഫീസ് കെട്ടിടം

post

ഇടുക്കി : ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് അവസരമൊരുങ്ങിയത്.പെരുവന്താനം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ അധ്യക്ഷത വഹിച്ചു.ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു,മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിക്കുമോന്‍ ആര്‍,മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ വികസനരേഖാ പ്രകാശനം നടത്തി.പരിമിതമായ സൗകര്യത്തിലായിരുന്നു മുമ്പ് പെരുവന്താനം ഗ്രാമപഞ്ചായത്തോഫീസ് പ്രവര്‍ത്തിച്ച് വന്നിരുന്നത്.പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ഉള്‍പ്പെടെ വെവ്വേറെ ക്യാബിനുകളും ഫ്രണ്ട് ഓഫീസ് സംവിധാനവുമെല്ലാം പുതിയ പഞ്ചായത്തോഫീസ് കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് സൗകര്യപ്രദമാകും വിധമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം നവീകരിച്ചിട്ടുള്ളത്.മികച്ച നിലവാരം പുലര്‍ത്തുന്ന പരിശോധന ഉപകരണങ്ങള്‍ അടങ്ങുന്ന ലാബും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.