പുഷ്പകൃഷിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാകണം: മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം: പുഷ്പകൃഷിയുടെ സാധ്യതകള്‍ കേരളത്തില്‍ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നില്‍ പുഷ്പഫലപ്രദര്ശനമേള 'വസന്തോത്സവം 2019' ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഷ്പോത്പാദന മേഖലയില്‍ വളരെയേറെ സാധ്യതകളുണ്ട്. ഈ രംഗത്ത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്ര പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. സാധാരണ കാര്‍ഷികമേഖലകള്‍ക്കപ്പുറം കൃഷിക്കാര്‍ക്ക് മികച്ച ആദായം ഉണ്ടാക്കാന്‍ കഴിയുന്ന രംഗമാണിത്. ടൂറിസം മേഖലയാകെ മികച്ച രീതിയില്‍ ശക്്തിപ്പെടുത്താനാകുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയുടെ കര്ട്ടന്റൈസറാണ് വസന്തോത്സവമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം - സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൂക്കള്‍ മാത്രമല്ല, കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍, ഔഷധോദ്യാനം, വനക്കാഴ്ചകള്‍, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവമാണിവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെയാകെ വര്‍ണവസന്തമായി അവധിക്കാലത്ത് ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായാണ് വസന്തോത്സവം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
മേയര്‍ കെ. ശ്രീകുമാര്‍, കെ.ടി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാളയം രാജന്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ കൃഷ്ണതേജ എന്നിവര്‍ സംബന്ധിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ പി. ബാലകിരണ്‍ നന്ദിയും പറഞ്ഞു. ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി മൂന്നുവരെയാണ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ 'വസന്തോത്സവം' നടക്കുന്നത്.