യുവ ആപ്ദ മിത്ര പരിശീലനത്തിനു തുടക്കം
ദേശീയ-സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മേരാ യുവ ഭാരത് സംഘടനയുടെ സഹകരണത്തോടെ യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി മേരാ യുവ ഭാരത് വോളന്റിയർമാർക്കായി സംഘടിപ്പിക്കുന്ന സപ്തദിന ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി.
യുവജനങ്ങളെ ദുരന്തനിവാരണ രംഗത്ത് സജ്ജരാക്കുന്നതിനായുള്ള “യുവ ആപദ് മിത്ര” പരിശീലന പരിപാടി പ്രൊഫ. എന്. കൃഷ്ണപിള്ള ഫൗണ്ടേഷനിൽ ജില്ലാ സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ശ്രീ ആൽഫ്രഡ് ഒ വി IAS ഉദ്ഘാടനം നിർവഹിച്ചു. യുവജനങ്ങളെ ദുരന്തസമയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ പ്രാപ്തരാക്കുവാനും സമൂഹത്തിന്റെ സുരക്ഷയും സന്നദ്ധസേവന മനോഭാവവും ശക്തിപ്പെടുത്താനമുള്ള ഒരു നിർണായക പങ്ക് ഈ പരിപാടിയിലൂടെ നേടിയെടുക്കാൻ കഴിയും എന്ന് സബ് കളക്ടർ പറഞ്ഞു.

ജില്ലയിലെ മൈ ഭാരത് വോളൻ്റിയർമാരിൽ നിന്നുള്ള 70 പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികൾ, ദുരന്തനിവാരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ, ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന പ്രഥമ ശുശ്രൂഷയും (BLS), തിരച്ചിലും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ, പാമ്പ് കടി പ്രതിരോധവും മുൻകരുതലും, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ വിദ്യാർഥികൾക്ക് ശാസ്ത്രീയ പരിശീലനവും അവബോധവും നൽകും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐ.ഡി. കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവയും നൽകും.
തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുമായ ശ്രീ. അതുൽ സ്വാമി നാഥ് പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ ഹസാർഡ് അനലിസ്റ്റ് മിസ്. ദേവിക ബി എസ് സ്വാഗതം ആശംസിച്ചു. മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസർ ശ്രീ സുഹാസ് എൻ ആശംസ അറിയിച്ചു. ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ ശ്രീ. ആരവ് അമൽ എസ് കുമാർ നന്ദി രേഖപ്പെടുത്തി. മൈ ഭാരത് പ്രതിനിധി ശ്രീമതി. ആതിര സന്തോഷ് പരിപാടിയിൽ പങ്കെടുത്തു.











