തവനൂരിലെ തീരദേശ മേഖലയില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം

post

മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു

മലപ്പുറം : സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മംഗലം, പുറത്തൂര്‍ പഞ്ചായത്തുകളില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കിഫ്ബി സഹായത്തോടെ തീരദേശ മേഖലയിലെ കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂള്‍, പുറത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായിരുന്നു. ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,  മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍, ഡോ.ടി.എം തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.

കമ്യൂനിറ്റി സ്റ്റഡി സെന്ററുകളിലൂടെ തീരദേശ മേഖലയിലുള്ള കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലും പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പുരോഗതിയാണ് നാടിന്റെ അഭിവൃദ്ധിയുടെ അടയാളമായി കണക്കാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷനല്‍ വിദ്യാഭ്യാസമുള്‍പ്പടെ നേടി എല്ലാ തൊഴില്‍ മേഖലകളിലും തീരദേശ മേഖലയിലുള്ളവരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ കെട്ടിട നിര്‍മാണത്തിനായി കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂളിന് 33 ലക്ഷവും പുറത്തൂര്‍ ഗവ. യു.പി സ്‌കൂളിന് ഒരു കോടി രൂപയും അനുവദിച്ചത്. പുറത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍ എട്ട് ക്ലാസ് മുറികളും, കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികളുമാണ് പുതിയതായി നിര്‍മിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് നിര്‍മാണം.  

കൂട്ടായി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് അധ്യക്ഷയായിരുന്നു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത് സൗദ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഉമ്മര്‍, വാര്‍ഡ് അംഗം പ്രീത പുളിക്കല്‍, കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂള്‍ പി.ടി.എ സലാം താണിക്കാട്, മത്സ്യതൊഴിലാളി കടാശ്വാസ കമീഷന്‍ അംഗം കൂട്ടായി ബഷീര്‍ മംഗലം, പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.