കേരള പൊലീസിന്റെ ഭാഗമായി 43 സേനാംഗങ്ങള്‍

post

മലപ്പുറം എം.എസ്.പി. ആസ്ഥാനത്ത് പാസിംഗ്ഔട്ട് പരേഡ് വര്‍ണാഭം

മലപ്പുറം: മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 43 പേര്‍ കേരള പൊലീസിന്റെ ഭാഗമായി. മലപ്പുറത്തെ എം.എസ്.പി. ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി. ടോമിന്‍. ജെ. തച്ചങ്കരി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ജനസേവനത്തിനുള്ള മികച്ച അവസരമാണ് കേരള പൊലീസില്‍ അംഗമാവുന്ന ഓരോ സേനാംഗങ്ങള്‍ക്കും ലഭിക്കുന്നതെന്നും പൊലീസിന്റെ ജനകീയ മുഖം നിലനിര്‍ത്താന്‍ ഓരോ സേനാംഗങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പ്ലട്ടൂണുകളായാണ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. വയനാട് വൈത്തിരി ചൂരല്‍മല സ്വദേശി കെ. രഞ്ജിത്ത് പരേഡ് നയിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപ്പാറ സ്വദേശി ആലുങ്ങപ്പുറായി പി. ഷിംജിത്ത് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. ആദ്യ പ്ലട്ടൂണിനെ അഭയ്. പി. ദാസും രണ്ടാം പ്ലട്ടൂണ്‍ പി. പി. അനുഗ്രഹും നയിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി. പി. പ്രകാശ്, ജില്ലാ പൊലീസ് മേധാവിയും എം.എസ്.പി. കമാന്‍ഡന്റുമായ യു. അബ്ദുള്‍ കരീം എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

ഇന്‍ഡോര്‍ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര പണ്ടാംകോട് ജെ. ടി. നിവാസില്‍ ജെ. റോജിത്ത് ജോണ്‍, ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ മികവു പുലര്‍ത്തിയ പാലക്കാട് ചിറ്റൂര്‍ പാറക്കുളം എസ്. വൈശാഖന്‍, മികച്ച ഷൂട്ടറായും ആള്‍ റൗണ്ടറായും തെരഞ്ഞെടുത്ത കെ. എസ്. ശ്രിഖില്‍ എന്നിവര്‍ക്ക് എ.ഡി.ജി.പി. ടോമിന്‍. ജെ. തച്ചങ്കരി പുരസ്‌ക്കാരങ്ങള്‍ നല്‍കി. കേരള പൊലീസിന്റെ ഭാഗമായ സേനാംഗങ്ങള്‍ക്ക് എം.എസ്.പി. ഡെപ്യൂട്ടി കമാന്‍ഡന്റ് ഇന്‍ചാര്‍ജ്ജ് ടി. ശ്രീരാമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദശീയ ഗാനാലാപനത്തോടെയാണ് പരേഡ് വിട വാങ്ങിയത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് 210 ദിനരാത്രങ്ങള്‍ നീണ്ട കൃത്യതയാര്‍ന്ന പരിശീലനത്തിലൂടെ കേരള പൊലീസിലേക്കെത്തിയത്. ഇവരില്‍ ഒന്‍പത് പേര്‍ ബിരുദാനന്തര ബിരുദധാരികളും ഒരാള്‍ എം.ബി.എയും 15 പേര്‍ ബിരുദധാരികളുമാണ്. മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളുമുണ്ട്. രണ്ട് പേര്‍ക്ക് ഡിപ്ലോമയാണ് യോഗ്യത. 13 പേര്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയവരുമാണ്. സേനാംഗങ്ങളുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമടക്കം വന്‍ ജനാവലിയാണ് പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയത്. പരേഡിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ക്കാണ് എം.എസ്.പി. പരേഡ് ഗ്രൗണ്ട് വേദിയായത്. രക്ഷിതാക്കളടക്കമുള്ളവര്‍ പുതിയ സേനാംഗങ്ങളെ ആശ്ലേഷിച്ചും കരഘോഷം മുഴക്കിയും എതിരേറ്റു. ചടങ്ങുകള്‍ക്ക് ശേഷം എം.എസ്.പി. ആസ്ഥാനത്തൊരുക്കിയ ആംഫി തീയ്യറ്റര്‍ എ.ഡി.ജി.പി. ടോമിന്‍. ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു.