മസ്തിഷ്‌ക മരണം നിർണ്ണയിക്കുന്നതിൽ ഡോക്ടർമാർക്ക് പരിശീലനം

post

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ ശിൽപശാല സെപ്റ്റംബർ 20ന് തിരുവനന്തപുരത്ത്

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മസ്തിഷ്‌കമരണം നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല രാവിലെ 10ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്.എസ്. നോബിൾ ഗ്രേഷ്യസ് അധ്യക്ഷനാകും.

സംസ്ഥാനത്തെ ഐ.സി.യുകളിൽ മസ്തിഷ്‌കമരണം കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതുവഴി അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാരെ പ്രാപ്തരാക്കുക എന്നതാണ് ശിൽപശാല ലക്ഷ്യമിടുന്നത്. മസ്തിഷ്‌കമരണ നിർണയവുമായി ബന്ധപ്പെട്ട് 2020-ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനും തുടർന്ന് അവയവദാനത്തിന് ബന്ധുക്കളോട് സന്നദ്ധത ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ശിൽപശാലയിൽ വിശദമായ പരിശീലനം നൽകും.

മസ്തിഷ്‌ക മരണ നിർണ്ണയത്തിനുള്ള വ്യവസ്ഥകൾ, അതിന്റെ ലക്ഷണങ്ങൾ, ആപ്നിയ പരിശോധന, അവയവദാന നിയമത്തിൽ ഡോക്ടർമാരുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ ഇതിൽ പങ്കെടുക്കും. ഡൽഹി എയിംസിലെ പ്രൊഫസറും ന്യൂറോ സർജനുമായ ഡോ. ദീപക് കുമാർ ഗുപ്ത 'ബ്രെയിൻ സ്റ്റെം ഡെത്ത് മിമിക്‌സ്' എന്ന വിഷയത്തിലും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോ അനസ്‌തേഷ്യ അഡീഷനൽ പ്രൊഫ. ഡോ. അജയ് പ്രസാദ് ഹൃഷി 'ബ്രെയിൻ സ്റ്റെം ഡെത്ത് ടെസ്റ്റിംഗിനായുള്ള മുൻ വ്യവസ്ഥകൾ' എന്ന വിഷയത്തിലും സംസാരിക്കും. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോ സർജറി മേധാവിയായ പ്രൊഫ. ഡോ. എച്ച്.വി. ഈശ്വർ 'ബ്രെയിൻ സ്റ്റെം റിഫ്‌ലെക്‌സുകൾ' എന്ന വിഷയത്തെക്കുറിച്ചും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ പ്രൊഫസറും മേധാവിയുമായ ഡോ. അനിൽ സത്യദാസ് 'ആപ്നിയ പരിശോധനയെക്കുറിച്ചും ക്ലാസെടുക്കും. കൂടാതെ, ടിഎച്ച്ഒ നിയമത്തിൽ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ച് കേരള ഹൈക്കോടതി അഭിഭാഷകനും കെ-സോട്ടോയുടെ നിയമ ഉപദേഷ്ടാവുമായ അഡ്വ. അജിത് ജോയ് വിശദീകരിക്കും. മസ്തിഷ്‌ക മരണം നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് കിംസ്‌ഹെൽത്ത് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. ദീപ ദാസ് ഒരു മാതൃകാപരമായ അവതരണം നടത്തും. രോഗിയുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സിമുലേഷൻ ഡോ. ദീപ ദാസും കിംസ് ഹെൽത്ത് ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അജ്മൽ അബ്ദുൾ ഖരീമും അവതരിപ്പിക്കും.