ജൈവരീതിയില്‍ നൂറുമേനി വിളവെടുത്ത് തലാപുരം സംഘകൃഷി

post

തൃശൂര്‍: കൂട്ടായ്മയുടേയും, കഠിനാധ്വാനത്തിന്റേയും അനുഭവപാഠം പകര്‍ന്ന് ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് ചെന്ത്രാപ്പിന്നിയിലെ തലാപുരം സംഘകൃഷി അംഗങ്ങള്‍. എടത്തിരുത്തി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മുളങ്ങാട്ടുപറമ്പില്‍ ദിനേഷിന്റെ വീട്ടുവളപ്പിലാണ് കുടുംബശ്രീ ജെ.എല്‍.ജി.ഗ്രൂപ്പിന് കീഴില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയം കണ്ടത്. പ്രീതി വേണുഗോപാല്‍, സസ്ലി ദിനേശ്, ഗീത മോഹന്‍ദാസ്, ഷീല രാജേഷ്, നളിനി എന്നിങ്ങനെ അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെട്ട ഈ കര്‍ഷക കൂട്ടായ്മ വീട്ടുവളപ്പില്‍ കരനെല്‍കൃഷിയില്‍ പരീക്ഷണം നടത്തിയായിരുന്നു കാര്‍ഷിക രംഗത്തേക്ക് ചുവടുവെച്ചത്. ഇത് വിജയം കണ്ടപ്പോള്‍ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു.

സര്‍ക്കാരില്‍ നിന്നും  രണ്ട് ലക്ഷം രൂപയുടെ പലിശരഹിത വായ്പ കൂടി ലഭിച്ചപ്പോള്‍ വീട്ടുമുറ്റം  വിവിധയിനം പച്ചക്കറികളാല്‍ നിറഞ്ഞു. മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വാങ്ങിയ ഗുണമേന്മയേറിയ വിത്തുകളും, തൈകളുമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. മൂന്ന് തട്ടുകളായി മണ്ണിനെ  ക്രമീകരിച്ച് ചകിരിച്ചോറ്, ജൈവവള മിശ്രിതം തുടങ്ങിയവ ഉള്‍പ്പെടുത്തി തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള സമ്മിശ്ര കൃഷിയാണിവിടെ നടത്തുന്നത്. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങി തക്കാളി, വെണ്ടക്ക, പയര്‍, പച്ചമുളക് ഉള്‍പ്പെടെയുള്ള അനേകം പച്ചക്കറി ഇനങ്ങളും 18 സെന്റിലെ കൃഷിയിടത്തില്‍ സമൃദ്ധമാണ്. കൃഷിയിലുള്ള താല്‍പര്യം തിരിച്ചറിഞ്ഞ് എടത്തിരുത്തി കൃഷിഭവന്‍ ഉദ്യോഗസ്ഥരും പൂര്‍ണ്ണസഹകരണവുമായി കൂടെ നിന്നപ്പോള്‍ സംഘകൃഷിയുടെ ഊര്‍ജ്ജം ഇരട്ടിയായി. മൂന്ന് വര്‍ഷവും തുടര്‍ച്ചയായി നല്ല വിളവോടെ ഏറ്റവും കൂടുതല്‍ പച്ചക്കറിയുല്‍പാദനം നടത്തിയതിന് മാതൃകാ കൃഷിതോട്ടം എന്ന അംഗീകാരവും ഈ കൂട്ടുകൃഷിയെ തേടിയെത്തി.

ജൈവ കൃഷിയിലെ  പുതു പരീക്ഷണങ്ങളുമായി ദിനേഷും കുടുംബശ്രീ അംഗങ്ങളോടൊപ്പമുണ്ട്. ദേശീയപാത 66 നോട് ചേര്‍ന്നുള്ള ഈ വീട്ടില്‍ കൃഷിരീതികളെ കുറിച്ചറിയാന്‍ നിരവധി പേരാണ് ദിനംപ്രതിയെത്തുന്നത്. വിഷാംശം അല്‍പം പോലുമില്ലാത്ത ഇവിടുത്തെ പച്ചക്കറി ഉല്‍പന്നങ്ങള്‍ നാട്ടിലും, വിദേശത്തും താരമായിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തേക്കാളുപരി മനസ്സിന് സന്തോഷം പകരുന്നതും പുതു തലമുറയ്ക്ക് പ്രചോദനവുമാണ് ഈ കൃഷിയെന്നാണ് ഈ കര്‍ഷക കൂട്ടായ്മ വിലയിരുത്തുന്നത്. വിഷരഹിതമായ സമൂഹം എന്ന ലക്ഷ്യത്തിലൂന്നി സ്വയം പ്രതിരോധത്തിന്റെ പാഠമാണ് ഇവര്‍ പകര്‍ന്നു തരുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഗീത മോഹന്‍ദാസ്, കൃഷി ഓഫീസര്‍ റുബീന, വില്ലേജ് ഓഫീസര്‍ സക്കീര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഐഷാബി മുഹമ്മദ്, ഓര്‍ഗാനിക് ഓഫീസര്‍ ആര്‍ പി ഹരിശങ്കര്‍, ജൈവകൃഷി കോഡിനേറ്റര്‍ സയന്‍ഷ്യ എന്നിവര്‍ പങ്കെടുത്തു


JLG