ജില്ലയില്‍ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും

post

തൃശൂര്‍ : ജില്ലയില്‍ ഒന്നാംതരം മുതല്‍ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാക്കിയിരുന്നു. വെളിയന്നൂര്‍ പാഠപുസ്തക ഡിപ്പോ, ചേറൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്നത്. പ്രൈമറി ക്ലാസിലെ പുസ്തകങ്ങള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ജില്ലയില്‍ ലഭ്യമായിരുന്നു.

ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. 12 ഉപജില്ലകളിലായി 221 സ്‌കൂള്‍ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ കെബിപിഎസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലോക്ഡൗണ്‍ മൂലം മെയ് അവസാനത്തോടെ മാത്രമാണ് വിതരണത്തിനായി കെബിപിഎസ് പാഠപുസ്തകങ്ങള്‍ എത്തിച്ചു തുടങ്ങിയത്. അവധി ദിവസങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് കെ.ബി.പി.എസ് പുസ്തക വിതരണം നടത്തുന്നത്. വാഹനങ്ങളുടെ അപര്യാപ്തത ഒഴിവാക്കാന്‍ സ്‌കൂള്‍ ബസുകളും വിതരണത്തിനായി ഏര്‍പ്പാടാക്കിയിരുന്നു. സൊസൈറ്റികള്‍ സോര്‍ട്ടിംഗ് സെന്ററില്‍ നേരിട്ട് ചെന്നാണ് പാഠപുസ്തകങ്ങള്‍ സ്വീകരിക്കുന്നത്. സ്‌കൂളില്‍ എത്തിക്കുന്ന പാഠപുസ്തകങ്ങള്‍ ഉടനെ തന്നെ രക്ഷിതാക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.