പ്രവാസികള്‍ക്ക് വിദേശത്ത് മരുന്നെത്തിച്ച് പുന്നയൂര്‍ക്കുളം പഞ്ചായത്ത്

post

തൃശൂര്‍: പ്രവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വിദേശത്ത് എത്തിച്ച് നല്‍കുകയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്ത്. ആദ്യഘട്ടത്തില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലെ അഞ്ച് പേര്‍ക്ക് മരുന്നുകള്‍ എത്തിച്ച് പഞ്ചായത്തിലുള്ളവര്‍ക്ക് മാത്രമായ ആദ്യ സര്‍വ്വീസ് വിജയകരമായി പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് അയല്‍ പഞ്ചായത്തുകളായ പെരുമ്പടപ്പ്, പുന്നയൂര്‍ എന്നിവിടങ്ങളില്‍ വിദേശത്തുള്ള ഏഴുപേര്‍ക്കും മരുന്നുകള്‍ എത്തിച്ചു.

പ്രവാസി സംഘടനയായ ഗ്രാന്മ ഗുരുവായൂര്‍, അല്‍ നീം ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് മരുന്നുകള്‍ എത്തിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് മരുന്നുകള്‍ അയയ്ക്കുക. ഈ സഹായം പഞ്ചായത്ത് തുടരുമെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. വിവരങ്ങള്‍ക്ക് അതത് വാര്‍ഡ് മെമ്പര്‍മാരെ ബന്ധപ്പെടുക.