മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു

post

മലപ്പുറം : മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ മോക്ക്ഡ്രില്‍ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെയും  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശ പ്രകാരം  ഏഴ് താലൂക്കുകളിലായി  വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ താലൂക്കില്‍ ഏലംകുളം കൊട്ടാരകുന്നിലെ 14 വാര്‍ഡില്‍ വെള്ളപ്പൊക്കത്തിന്റെയും പൊന്നാനി ഹാജിയാര്‍പള്ളി ഭാഗത്ത് കടലാക്രമണത്തിന്റെയും തിരൂര്‍ താഴേപ്പാലത്ത് തിരൂര്‍ പുഴ കരകവിഞ്ഞ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെയും മോക്ക്ഡ്രില്ലാണ് സംഘടിപ്പിച്ചത്. വഴിക്കടവില്‍ വെട്ടുകത്തിക്കോട്ടയില്‍ ഉരുള്‍പൊട്ടലും എടവണ്ണ കോളപ്പാടത്ത് മണ്ണിടിഞ്ഞ് കോളനി ഒറ്റപ്പെട്ടതും മൂന്നിയൂരില്‍ കടലുണ്ടി പുഴ കര കവിഞ്ഞ് ഒഴുകി വെള്ളപ്പൊക്കവും  വാഴക്കാട് എളമരം കടവില്‍ 40 വീടുകളില്‍ വെള്ളം കയറി മാറ്റി പാര്‍പ്പിക്കുകയും ചെയ്ത മോക്ക്ഡ്രില്ലുകളാണ് സംഘടിപ്പിച്ചത്. മോക്ക്ഡ്രില്ലിനായി ജില്ലാതല കണ്‍ട്രോള്‍ റൂം കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും താലൂക്ക് തല കണ്‍ട്രോള്‍ റൂം അതത് താലൂക്കുകളിലും പ്രവര്‍ത്തിച്ചു. നിഷ്പക്ഷ നിരീക്ഷകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ജില്ലാതലകണ്‍ട്രോള്‍ റൂമില്‍ നിന്ന് യഥാസമയം സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കും താലൂക്ക് തല കണ്‍ട്രോള്‍ റൂമിലേക്കും വിവരങ്ങള്‍ കൈമാറിയിരുന്നു. മോക്ക്ഡ്രില്ലില്‍ നിലമ്പൂര്‍ താലൂക്ക് ആര്‍മിയുടെ സേവനവും ആവശ്യപ്പെട്ടിരുന്നു.

ജില്ലയില്‍ മഴക്കാലത്ത്  ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള സംവിധാനങ്ങളെ വിലയിരുത്താനും ശക്തിപ്പെടുത്താനുമാണ് മോക്ക്ഡ്രില്‍ നടത്തിയത്. കോവിഡ് 19 നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ മോക്ക്ഡ്രില്ലില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും വകുപ്പുകള്‍ തമ്മിലുള്ള ആശയ വിനിമയവും വിലയിരുത്തി.

വിവിധ സമയങ്ങളിലായി നടത്തിയ മോക്ക്ഡ്രില്ലില്‍  ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ് ) കോ- ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഐ.ആര്‍.എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍, റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും  വിവിധ സംഘടനകളുടെ  സഹകരണത്തോടെയുമാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്