കാര്‍ഷിക മുന്നേറ്റത്തിന് കരുത്തേകി കുമരകം കൃഷി വിജ്ഞാന കേന്ദ്രം

post

ആറ് മാസത്തിനിടെ പരിശീലനം നേടിയത് 2500ലേറെ കര്‍ഷകര്‍

കോട്ടയം: ജില്ലയിലെ കാര്‍ഷിക മുന്നേറ്റത്തില്‍ സാങ്കേതിക വിദ്യകളും അറിവുകളും സേവനങ്ങളും നല്‍കി കരുത്തു പകരുകയാണ് കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം കൃഷി വിജ്ഞാന കേന്ദ്രം. മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണം, വിവിധ വിളകളുടെ കൃഷിരീതികള്‍, പരിപാലന മുറകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുപ്പതിലേറെ വിഷയങ്ങളിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2500 ലേറെ കര്‍ഷകര്‍ പരിശീലനം നേടി. 

കോട്ടയം ജില്ലയ്ക്ക് അനുയോജ്യമായ വള്ളിപ്പയര്‍, മൂലകങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഇനം മരച്ചീനി, ജൈവ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ചുള്ള മികച്ച കമ്പോസ്റ്റിംഗ് രീതി എന്നിവ തെരഞ്ഞെടുക്കുന്നതിന് ഉള്‍പ്പെടെ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൃഷിയിട പരീക്ഷണങ്ങള്‍ നടന്നുവരുന്നു. വെള്ളായണി ജ്യോതിക, ഗീതിക, മഞ്ജരി എന്നീ പയര്‍ ഇനങ്ങളാണ് ജില്ലയ്ക്കായി പരിഗണിക്കുന്നത്. പൊന്നി ഇനം വഴുതനങ്ങയെ ബാധിക്കുന്ന പുഴുവിനെയും നെല്ലിലെ ചാഴിയെയും പ്രതിരോധിക്കുന്ന പരിസ്ഥിതി സൗഹൃദ പരിപാലനമുറകള്‍ക്കായുള്ള ഗവേഷണവും പുരോഗമിക്കുന്നു. 

അത്യുല്‍പ്പാദന ശേഷിയുള്ള പ്രഗതി ഇനത്തില്‍പ്പെട്ട മഞ്ഞള്‍, അര്‍ക്ക അഗ്‌നി ഇനം ചെണ്ടുമല്ലി, കെ.എ.യു. മിത്ര ഇനം വള്ളിപ്പയര്‍, ഒട്ടുതക്കാളി, നേപ്പിയര്‍ ഇനം തീറ്റപ്പുല്ല് എന്നിവയുടെ പ്രദര്‍ശന കൃഷി വിവിധ ഘട്ടങ്ങളിലാണ്. വിക്ക് അപ്ലിക്കേറ്റര്‍ ഉപയോഗിച്ച് വരിനെല്ല് നിയന്ത്രിക്കുന്നതിനുള്ള പരീക്ഷണങ്ങളും സജീവമാണ്. സംയോജിത വളപ്രയോഗത്തിലൂടെ തെങ്ങിന്റെയും കുരുമുളകിന്റെയും വിളവ് ഗണ്യമായി വര്‍ധിപ്പിക്കുന്നതില്‍ ഇവിടുത്തെ ഗവേഷകര്‍ വിജയം നേടിക്കഴിഞ്ഞു. പ്രിയങ്ക പാവല്‍, ഗീതിക വള്ളിപ്പയര്‍ എന്നിവയില്‍ സംയോജിത രോഗ കീട നിയന്ത്രണത്തിനുള്ള പഠനം പൂര്‍ത്തിയാക്കി.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ  ഡോ. വി. എസ്. ദേവി, ഡോ. മരിയ ഡെയ്‌നി, ജിഷ എ. പ്രഭ, പ്ലാന്റ് പാതോളജിസ്റ്റ് അനു ആനി മാത്യൂസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോളി ജോസഫ് തുടങ്ങിയവരാണ് ഗവേഷണ, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.