ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്തു

post

കോട്ടയത്തെ ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കിയ കാലോചിത മാറ്റങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനത്തോളം വർധിപ്പിക്കാൻ സഹായകമായതായി മന്ത്രി പറഞ്ഞു.

ഡ്രോണുകൾ ഉൾപ്പെടെയുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയതുവഴി ചിലവ് കുറയുകയും വിളവ് വർധിക്കുയും ചെയ്തു. നൂറുകിലോ വിത്ത് വിതച്ചിരുന്ന സ്ഥാനത്ത് ഡ്രോൺ വഴി വിതയ്ക്കുമ്പോൾ 40 കിലോ വിത്ത് ഉപയോഗിച്ചാൽ മതിയാവും. കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും.

കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാർട്ടായി നിലനിർത്താൻ കഴിയണമെന്ന് മന്ത്രി നിർദേശിച്ചു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലാണ് സ്മാർട് കൃഷിഭവൻ നിർമിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫ് 2022- 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.