പെരിന്തല്‍മണ്ണയില്‍ അഫോഡബിള്‍ ഹൗസിങ്ങ് വില്ലേജ് പദ്ധതിക്ക് തുടക്കം

post

മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയില്‍ ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് അഫോഡബിള്‍ ഹൗസിങ്ങ് വില്ലേജ് ഒരുങ്ങുന്നു. നഗരസഭയുടെ 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച അഫോഡബിള്‍ ഹൗസിങ്ങ് വില്ലേജ് എന്ന പദ്ധതിയാണ്  യാഥാര്‍ഥ്യമാകുന്നത്. നഗരസഭ പ്രദേശത്തെ 50 ഏക്കര്‍ സ്ഥലത്ത് 1,000 ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിക്കുന്നത്. എല്ലാ സൗകര്യങ്ങളോടു കൂടിയ വീടും സ്ഥലവും ഹൗസിങ് വില്ലേജില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാവും. ഒരു നിബന്ധനയുമില്ലാതെ ഏതു വിഭാഗത്തില്‍ പെട്ടവര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് വില്ലേജില്‍ സ്ഥലവും ഭവനവും സ്വന്തമാക്കാം.

ഗവ.ധനസഹായം, ബാങ്ക് ലോണ്‍, കുടുംബശ്രീ നിര്‍മാണ യൂനിറ്റിന്റെ സേവനം, നഗരസഭയുടെ കോഡിനേഷന്‍ എന്നിവ സംയോജിപ്പിച്ചാണ് സാധാരണ -ഇടത്തരം വരുമാനക്കാരുടെ കുടുംബ ബജറ്റിന് താങ്ങാവുന്ന നിരക്കില്‍ വീടും സ്ഥലവും ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ പ്രതിമാസ തിരിച്ചടവില്‍ വീടും സ്ഥലവും സ്വന്തമാക്കാവുന്ന ഈ പദ്ധതിയില്‍ നഗരസഭാ പ്രദേശത്തുള്ളവര്‍ക്കും സമീപ പഞ്ചായത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ എണ്ണമനുസരിച്ച്  വീടുപണിയുന്നതിനാവശ്യമായ ഭൂമി ഒന്നിച്ച് ഏറ്റെടുക്കും. ഈ സ്ഥലത്ത് ഗുണഭോക്താവിന്റെ ഇഷ്ടാനുസരണമുള്ള വീട്  കുടുംബശ്രീ യൂനിറ്റ് നിര്‍മിച്ച് നല്‍കും.

റോഡ്, വെള്ളം, വൈദ്യുതി, വ്യായാമ - വിശ്രമകേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, ഷോപ്പുകള്‍, കൂടിച്ചേരല്‍ ഹാള്‍, അങ്കണവാടി, തൊഴില്‍ശാലകള്‍ തുടങ്ങി ജീവിതത്തിനാവശ്യമായ എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ഹൗസിങ്ങ് വില്ലേജില്‍ ഒരുക്കും.

ക്രഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരമുള്ള ധനസഹായത്തോടു കൂടിയുള്ള ഭവന വായ്പയുടെ പിന്തുണയോടെയാണ് ഹൗസിങ്ങ് വില്ലേജില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്നത്.  ഇത് പ്രകാരം ഒരു വീടിന് 2.60 ലക്ഷം രൂപ ഗവ: സബ്സിഡിയായി ലഭിക്കും. ബാക്കിയുള്ള സംഖ്യ ചെറിയ മാസതവണകളായി തിരിച്ചടക്കാം.

നഗരസഭയില്‍ 600 എസ്.സി ഭവനങ്ങളും, 400 പേര്‍ക്ക് ഭവനസമുച്ചയവും നിര്‍മിച്ച് പരിചയസമ്പത്തു നേടിയ മാലാഖ സൊല്യൂഷന്‍ എന്ന കുടുംബശ്രീ ഭവന നിര്‍മാണ സംരംഭക യൂനിറ്റിനാണ് ഭവന നിര്‍മാണ ചുമതല. ആവശ്യമായ സ്ഥലത്തോടു കൂടിയ 500 സ്‌ക്വയര്‍ ഫീറ്റ് വീട് കേവലം അഞ്ച് ലക്ഷത്തിന് ഗുണഭോക്താവിന് ലഭിക്കും.  ആവശ്യമുള്ളവര്‍ക്കെല്ലാ ഈ സംഖ്യ മുഴുവനും ലോണായി നല്‍കും. ഇതോടെ 4,945 രൂപ പ്രതിമാസ തിരിച്ചടവില്‍ ഈ അളവിലുള്ള വീടും സ്ഥലവും ഗുണഭോക്താവിന് ലഭിക്കും. ഇരുപത് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. തുടര്‍ന്ന് 600 മുതല്‍ 2,000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വിവിധ ഡിസൈന്‍ വീടുകള്‍ വില്ലേജില്‍ ലഭിക്കും.

 ഭവനങ്ങളുടെ  സ്‌ക്വയര്‍ ഫീറ്റ് വര്‍ധിക്കുന്നതനുസരിച്ച് വിലയിലും ലോണ്‍ തിരിച്ചടവിലും 500 സ്‌ക്വയര്‍ ഫീറ്റിനിട്ട നിരക്കിന്റെ ആനുപാതികമായ വര്‍ധനവ് വരും.   സ്ഥലവും, വീടും ഒന്നിച്ച് ലഭ്യമാകുന്ന ഈ പദ്ധതിയില്‍ ഗുണഭോക്താവ് ആദ്യഘട്ടം ഒരു സംഖ്യയും മുതല്‍ മുടക്കേണ്ടതില്ല.   വീടിന്റെ സ്‌കെച്ച്, പ്ലാന്‍, ആവശ്യമായ ഔദ്യോഗിക അനുമതികള്‍, നിര്‍മാണം, വായ്പ ലഭ്യമാക്കല്‍ തുടങ്ങി നിര്‍മാണം വരെയുള്ള എല്ലാ ജോലികളും കുടുംബശ്രീ യൂനിറ്റ് ചെയ്യും.  ആവശ്യമായ രേഖകള്‍ മാത്രമാണ് ഗുണഭോക്താവ് നല്‍കേണ്ടത്. ഇതേ പദ്ധതിയിലെ സഹായങ്ങള്‍ ഉള്‍പ്പെടുത്തി നഗരസഭാ പ്രദേശത്ത് ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്കും അവരുടെ ഭൂമിയില്‍ കുറഞ്ഞ നിരക്കില്‍ ഭവനം നിര്‍മിച്ച് നല്‍കുന്നുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭവന നിര്‍മാണ പദ്ധതിക്കുള്ള അപേക്ഷയും രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുക. ഭവന പദ്ധതിക്കായി രൂപീകരിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഓരോരുത്തര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള ലിങ്ക് ലഭിക്കാന്‍ 7594910000, 7902314384, 9544800369 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ആവശ്യമുള്ളവരെല്ലാം അഫോഡബിള്‍ ഹൗസിങ്ങ് വില്ലേജ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗര സഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലിം അറിയിച്ചു.