ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍, മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.  

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.