അതിജീവിക: നിരാലംബ സ്ത്രീസഹായ പദ്ധതിക്ക് അപേക്ഷിക്കാം

post

തൃശ്ശൂര്‍: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ധനസഹായം നല്‍കുന്ന പദ്ധതിയായ അതിജീവികയിലേക്ക് അപേക്ഷിക്കാം. ഭര്‍ത്താവ് / കുട്ടികള്‍ / കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പുരോഗികളുളള സ്ത്രീ, പ്രകൃതി ദുരന്തത്തിലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബനാഥയായ സ്ത്രീ, കട ബാധ്യത മൂലം ജപ്തി ഭീഷണി നേരിടുന്ന കുടുംബനാഥ, ഭര്‍ത്താവിന്റെ അസുഖം / വിയോഗം മൂലം മക്കളുടെ പഠനത്തിനോ ആശ്രിതരുടെ ചികിത്സക്കോ ബുദ്ധിമുട്ടുന്ന ഗൃഹനാഥ, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന വിധവകള്‍, അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചിതര്‍, ഹൃദരോഗം, അംഗപരിമിതി, വൃക്ക/കരള്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, തളര്‍വാതം മറ്റ് രോഗങ്ങള്‍ എന്നിവ മൂലമുളള അനാരോഗ്യം മൂലം ജോലി ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 

50 വയസ്സിന് താഴെയുളളവരാകണം അപേക്ഷകര്‍. വാര്‍ഷിക വരുമാനം 50,000 രൂപ താഴെയാവണം. 18 വയസ്സ്് പ്രായമുളളതും തൊഴില്‍ ചെയ്യുന്നവരുമായ മക്കള്‍ ഉളളവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. ബുദ്ധിമാന്ദ്യമുളള കുട്ടികള്‍ ഉളള കുടുംബം, അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉളള കുടുംബം, കിടപ്പുരോഗികള്‍ ഉളള കുടുംബം എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം അപേക്ഷകരുടെ ജീവിതാവസ്ഥ സംബന്ധിച്ച് വെളള പേപ്പറില്‍ തയ്യാറാക്കിയ വിശദമായ കുറിപ്പ് കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0487 2321689. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26.