ജില്ലയില്‍ ഇ -സഞ്ജീവനി ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു

post

മലപ്പുറം : വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ ഇ - സഞ്ജീവനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാവിലെ 10 മണി മുതല്‍  വൈകീട്ട്  നാല് വരെയാണ് ടെലി മെഡിസിന്‍ ഒ.പിയുടെ പ്രവര്‍ത്തന സമയം. നിലവില്‍ അഞ്ച് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.

വ്യക്തി സൗഹൃദ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനമാണ്. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ലഭിക്കും.  ആരോഗ്യ സംബന്ധമായ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത്  പോര്‍ട്ടലില്‍ രേഖപ്പെടുത്താനും ചികിത്സ നല്‍കാനുമുള്ള സൗകര്യമുണ്ടായിരിക്കും. തികച്ചും സൗജന്യമായ  ഈ സംവിധാനത്തിലൂടെ  കോവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കും.  ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും ഇതു ഉപകാരപ്രദമാണ്.

ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറോ, ലാപ്‌ടോപ്പോ ഉപയോഗിച്ച് ഇ-സഞ്ജീവനി സേവനം ഉപയോഗപ്പെടുത്താം. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാനാവും.  ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുവാനും കഴിയും.