കയര്‍ ഭൂവസ്ത്രം വാങ്ങല്‍: വേങ്ങര ഗ്രാമ പഞ്ചായത്ത് ഒന്നാമത്
 
                                                മലപ്പുറം: ഏറ്റവും കൂടുതല്‍ കയര്‍ഭൂവസ്ത്രം വാങ്ങാന്‍ ധാരണാപത്രം ഒപ്പുവെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായി. ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടന്ന കയര്‍ ഭൂവസ്ത്രം ധാരണാപത്രം സെമിനാറില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി. കെ. കുഞ്ഞാലന്‍കുട്ടി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു. ഓര്‍ഡര്‍ ചെയ്ത 25, 000 ചതുരശ്ര അടി കയര്‍ മുഴുവനായും മാര്‍ച്ച് മാസത്തിനകം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പ്രവൃത്തി കാര്യക്ഷമമായി നടത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ സെമിനാറുകളും ഉദ്യോഗസ്ഥതല ചര്‍ച്ചകളും, അയല്‍ കൂട്ട ചര്‍ച്ചകളും, പാട ശേഖര സമിതി ചര്‍ച്ചകളും നടത്തുമെന്നും വേങ്ങരഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാകീരി അബ്ദുല്‍ ഹഖ്, പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










