കോവിഡ് മുക്തരായ 10 പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

post

മലപ്പുറം: വിദഗ്ധ ചികിത്സക്കുശേഷം കോവിഡ് 19 ഭേദമായ 10 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്ന് വീടുകളിലേക്ക് മടങ്ങും. കോവിഡ് മുക്തയായ ശേഷം മെയ് 28ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രസവിച്ച ആലപ്പുഴ ആര്യാട് സ്വദേശിനിയും ഇതിലുള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവര്‍ക്കുപുറമെ, കഴിഞ്ഞ ദിവസം രോഗമുക്തരായ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരന്‍, പൊന്നാനി വെളിയങ്കോട് സ്വദേശി 31 കാരന്‍, താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, കൂട്ടിലങ്ങാടി സ്വദേശി 24 കാരന്‍, തെന്നല തറയില്‍ സ്വദേശി 45 കാരന്‍, ആതവനാട് കരിപ്പോള്‍ സ്വദേശി 59 കാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 37 കാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനിയായ 70 വയസുകാരി എന്നിവരാണ് പുതുജീവിതത്തിലേക്ക് മടങ്ങുന്നത്. ഇവരെല്ലാം ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍നിരീക്ഷണത്തിലാണ്. രാവിലെ 10.30 ന് പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലെത്തിക്കുക. വീട്ടിലെത്തിയാലും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക നിരീക്ഷണത്തില്‍ തുടരണം.

632 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,447 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 632 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍. എം. മെഹറലി അറിയിച്ചു. 12,447 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 220 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 215 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. 10,927 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,300 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 79 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 79 പേരാണ്  നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ഇടുക്കി സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്; 3,949 പേര്‍ക്ക് വൈറസ് ബാധയില്ലെന്നും സ്ഥിരീകരിച്ചു. 373 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.