പുനര്‍ഗേഹം പദ്ധതി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

post

കൊല്ലം : വടക്കേത്തോപ്പില്‍ വര്‍ഗീസ് ഇനി വേലിയേറ്റത്തെ ഭയക്കാതെ അന്തിയുറങ്ങും. കടല്‍തീരത്ത് 50 മീറ്ററിനുള്ളില്‍ വേലിയേറ്റ രേഖയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന  'പുനര്‍ഗേഹം' പദ്ധതിപ്രകാരമാണ് ഇദ്ദേഹത്തിന് വീട് ലഭിച്ചത്.

കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ അഞ്ച് ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ പ്രതീകാത്മകമായി വിതരണം ചെയ്ത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. നിശ്ചിത പരിധിയിലുള്ള തീരദേശവാസികള്‍ക്ക് ഈ പദ്ധതിപ്രകാരം സുരക്ഷിതമായ ഭവനം ഉറപ്പു വരുത്തുവാനാണ് ലക്ഷ്യമിടുന്നതെന്നും മാറിതാമസിക്കാന്‍ സമ്മതമറിയിച്ചിട്ടുള്ള 1580 കുടുംബങ്ങള്‍ക്കും വളരെപെട്ടെന്ന് വീടുകള്‍ ലഭ്യാക്കുമെന്നും മന്ത്രി പറഞ്ഞു.

 ഫിഷറീസ് വകുപ്പ് മുഖാന്തരം സംസ്ഥാനത്ത്  നടപ്പാക്കുന്ന 2450 കോടി രൂപയുടെ 'പുനര്‍ഗേഹം'.  പദ്ധതിലേക്ക് 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.  ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തും. മൂന്ന് വര്‍ഷ കാലയളവിനുളളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.   പുനരധിവാസത്തിനായി വ്യക്തിഗത വീട് നിര്‍മാണം, വാസയോഗ്യമായതും, കെട്ടുറപ്പുള്ളതുമായ വീട് ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങല്‍,  ഫ്ളാറ്റ് സമുച്ചയ നിര്‍മാണം എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു.  

ഭൂമി വാങ്ങുന്നതിന് ഭൂമിയുടെ വില, രജിസ്ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തുകൂലി എന്നിവ ഉള്‍പ്പെടെ പരമാവധി ആറ് ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് ആകെ നാല് ലക്ഷം രൂപയുമാണ് നല്‍കുന്നത്.