മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്ദീപ് സര്‍ദേശായിയുടെ സംഭാവനയും

post

തിരുവനന്തപുരം: ദേശീയ മാധ്യമരംഗത്തെ പ്രമുഖനായ രാജ്ദീപ് സര്‍ദേശായിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പുറത്തിറക്കുന്ന 'കേരള കോളിംഗ്' ഇംഗ്ലിഷ് മാസികയ്ക്ക് നല്‍കിയ ലേഖനത്തിനുള്ള പ്രതിഫലമാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. കോവിഡ് നിയന്ത്രണത്തിനായി മികവുറ്റ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയതെന്ന് രാജ്ദീപ് സര്‍ദേശായി ലേഖനത്തില്‍ വ്യക്തമാക്കുന്നു. കൂട്ടായ്മയുടെ വിജയവും മുഖ്യമന്ത്രിയുടെ നേതൃപാടവവുമാണ് രാജ്യത്തെ ഏറ്റവും മികച്ച കൊറോണ നിയന്ത്രിത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് എന്നുമാണ് വിശദമായ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേരളം ഇന്ന് ചിന്തിച്ച് നടപ്പാക്കുന്നത് അടുത്തനാള്‍ രാജ്യം മാതൃകയാക്കേണ്ടി വരുമെന്ന രാജ്ദീപ് സര്‍ദേശായിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയും.