കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി

post

മലപ്പുറം : മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്‌സ്- 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 21) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

മസ്‌ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ.

മലപ്പുറം - 64, ആലപ്പുഴ - ഒന്ന്, എറണാകുളം - മൂന്ന്, ഇടുക്കി - ഒന്ന്, കണ്ണൂര്‍ - 14, കാസര്‍കോട് - രണ്ട്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 62, പാലക്കാട് - 24, തിരുവനന്തപുരം - രണ്ട്, തൃശൂര്‍ - മൂന്ന്, വയനാട് - മൂന്ന്. ഇവരെക്കൂടാതെ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയും.