തണ്ണീര്‍മുക്കത്തിന്റെ പാഥേയത്തില്‍ ഇനി ആരോഗ്യവര്‍ദ്ധിനി കാപ്പിയും...

post

ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ പാഥേയം സാമൂഹ്യ ഭക്ഷണ ശാലയോടൊപ്പം ഇനി മുതല്‍ ആരോഗ്യ വര്‍ദ്ധിനി കാപ്പിയും. തണ്ണീര്‍മുക്കം ഇല്ലം ആയൂര്‍വ്വേദ ആശുപത്രിയും കുടുംബശ്രീയും സംയുക്തമായാണ് പന്ത്രണ്ടുകൂട്ടം മരുന്നുകള്‍ അടങ്ങുന്ന ആയൂര്‍വ്വേദ ആരോഗ്യ വര്‍ദ്ധിനി കാപ്പി പാഥേയത്തിലൂടെ നല്‍കുന്നത്. ആരോഗ്യ വര്‍ദ്ധിനി കാപ്പിയുടെ വിതരണോദ്ഘടാനം അഡ്വ. എ.എം ആരീഫ് എം. പി ഉദ്ഘാടനം ചെയ്തുു.

അമുക്കുരം, ഇരട്ടി മധുരം, തിപ്പല്ലി, ചിറ്റമ്യത്, ഉലുവ, മല്ലി, ചുക്ക്, ഏലയ്ക്ക, ഗ്രാമ്പു, ജീരകം, ചക്കര തുടങ്ങിയ മരുന്നുകളുടെ കൂട്ടാണ് ആരോഗ്യ വര്‍ദ്ധിനിയിലെ മരുന്നുകളുടെ കൂട്ട്. ഇല്ലം ആയൂര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശങ്കര്‍പ്രശാന്ത് മൂസതിന്റെ മേല്‍നോട്ടത്തിലാണ് മരുന്നുകള്‍ തയ്യാറാക്കുന്നത്. രാവിലെ പത്ത് മണി മുതലാണ് കാപ്പിയുടെ വിതരണം ആരംഭിക്കുക. രണ്ട് രൂപയാണ് കാപ്പിയുടെ വില. കുട ചൂടി എത്തിയാല്‍ സൗജന്യ കോഫി ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് പറഞ്ഞു.

മഴക്കാല രോഗങ്ങള്‍ക്ക് തടയിടുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് കോഫി നല്‍കുന്നത്. കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തി മൂന്ന് വാര്‍ഡുകളിലും എ ഡി എസിന്റെ നേത്യത്വത്തില്‍ മരുന്ന് കാപ്പി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആയൂര്‍വ്വേദ വിധി പ്രകാരം ഏഴ് ദിവസക്കാലത്തേക്കാണ് വാര്‍ഡുകളില്‍ കോഫി നല്‍കുന്നത്.

പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനില്‍നാഥ്, സാനുസുധീന്ദ്രന്‍, സുനിമോള്‍, സി ഡി എസ് പ്രസിഡന്റ് ശ്രീജ ഷിബു പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.