16 ഗ്രാമപഞ്ചായത്തുകള്‍ ഭക്ഷ്യ സുരക്ഷിതത്ത്വത്തിലേക്ക്

post

മലപ്പുറം: ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി ജില്ലയിലെ 16 പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നു. പോരൂര്‍, പെരുവളളൂര്‍, കീഴാറ്റൂര്‍, കുഴിമണ്ണ, എടക്കര, കാലടി, ഇരുമ്പിളിയം, ആലങ്കോട്, പുളിക്കല്‍, കല്‍പ്പകഞ്ചേരി, തെന്നല, കൂട്ടിലങ്ങാടി, ആനക്കയം, എ ആര്‍ നഗര്‍, നിറമരുതൂര്‍, മേലാറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ നാളെ കെ.എന്‍.എ. ഖാദര്‍ എംഎല്‍എ നിര്‍വഹിക്കും.

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ സ്‌കൂള്‍, കോളജ്, ആശുപത്രികള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ മെസ്സ്/കാന്റീന്‍ ജീവനക്കാര്‍, അങ്കണവാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഭക്ഷ്യ സുരക്ഷയെ കുറിച്ചുളള ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഭക്ഷണ നിര്‍മ്മാണ വിതരണ വില്‍പ്പന രംഗത്തുളള വ്യാപാരികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, തെരുവോരകച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മേളകള്‍ നടത്തും. റസിഡന്റ് അസോസിയേഷനുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും പരിശീലനവും നല്‍കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉപയോഗിച്ചുളള കുടിവെളള പരിശോധന, കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന തുടങ്ങിയവയും പദ്ധതിയുടെ  ഭാഗമായി നടപ്പിലാക്കും. കര്‍ഷകര്‍ക്ക് ജൈവകൃഷി, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സുരക്ഷിതാഹാരം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണവും സംഘടിപ്പിക്കും.