തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ നടപടികള്‍ പുന:രാരംഭിച്ചു

post

സേവനങ്ങള്‍ ഇ-ടോക്കണ്‍ മുഖേന

മലപ്പുറം : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, രജിസ്ട്രേഷന്‍ പുതുക്കല്‍, ആള്‍ട്ടറേഷന്‍, ട്രാന്‍സ്‌പോര്‍ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന എന്നീ സേവനങ്ങള്‍ ഇ- ടോക്കണ്‍ വഴി നിയന്ത്രണങ്ങളോടെ തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ പുന:രാരംഭിച്ചു. ഉപഭോക്താക്കള്‍ ഇ- ടോക്കണെടുത്ത് കോവിഡ്  ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഒന്‍പത്  മുതല്‍ 12 മണി വരെയുള്ള സമയത്ത് വാഹനങ്ങള്‍ പരിശോധനയ്ക്കായി ഹാജരാക്കണം.

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ എല്ലാ ആഴ്ചയിലും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടത്തും. ദിനംപ്രതി പരമാവധി 30 വാഹനങ്ങള്‍ക്ക് ഇ- ടോക്കണ്‍ അനുവദിക്കും. രജിസ്ട്രേഷന്‍ പുതുക്കല്‍, ആള്‍ട്ടറേഷന്‍ എന്നീ സേവനങ്ങള്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലഭ്യമാകും. ഒരു ദിവസം അഞ്ച് വാഹനങ്ങള്‍ക്കാണ് ഇ-ടോക്കണ്‍ അനുവദിക്കുക.വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെയും നടത്തും. പ്രതിദിനം  പരമാവധി 30 വാഹനങ്ങള്‍ക്ക് ഇ- ടോക്കണ്‍ അനുവദിക്കും.

വാഹന പരിശോധന സമയത്ത് വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പരിശോധനയ്ക്ക് വരുന്ന വാഹനങ്ങളുടെ അപേക്ഷകളും, അസ്സല്‍ രേഖകളും ഇ-ടോക്കണ്‍ ലഭിച്ച ദിവസത്തിന്റ തലേ ദിവസം വൈകീട്ട് മൂന്നിനകം ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ച് അപേക്ഷകളുടെ കൃത്യത വരുത്തണം. ഇ - ടോക്കണ്‍ www.keralamvd.gov.in എന്ന വെബ്സൈറ്റില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടത്. ഓഫീസില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ക്കും ഇ- ടോക്കണ്‍ സര്‍വീസ് നിര്‍ബന്ധമാണ്. എന്നാല്‍ ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവ മറ്റൊരു അറിയിപ്പ് വരുന്നത് വരെ ഉണ്ടാകില്ല. ഇ ടോക്കണ്‍ വഴിയല്ലാതെ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും സേവനങ്ങള്‍ക്കായി വരുന്ന ഉപഭോക്താക്കള്‍ നിര്‍ബന്ധമായും കോവിഡ് 19, ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ  പി.എ ദിനേഷ് ബാബു അറിയിച്ചു.