മുപ്പത്തിരണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയില്‍ രണ്ട് കോവിഡ് 19 പോസിറ്റീവ് കേസുകള്‍

post

തൃശൂര്‍ : അബുദാബിയില്‍ നിന്നെത്തിയ യുവ ദമ്പതികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് താലൂക്കിലുള്ളവരാണിവര്‍. അബുദാബിയില്‍ കോവിഡ് ബാധിതനുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായതായാണ് സൂചന. കഴിഞ്ഞ മുപ്പത്തിരണ്ട് ദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല . ഏപ്രില്‍ 8 നാണ് ജില്ലയില്‍ ഇതിനു മുന്‍പ് കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയില്‍ വീടുകളില്‍ 1484 പേരും ആശുപത്രികളില്‍ 15 പേരും ഉള്‍പ്പെടെ ആകെ 1499  പേരാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച്ച (മെയ് 10) നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .3  പേരെ വിടുതല്‍ ചെയ്തു .

ഞായറാഴ്ച്ച  (മെയ് 10)  13 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1361 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1339 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 22 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 275 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവര്‍, കച്ചവടക്കാര്‍, പോലീസ്, റേഷന്‍കടയിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുളളവര്‍, അന്തര്‍സംസ്ഥാന യാത്രക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.302 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച്ച (മെയ് 10) 10 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.