വിയ്യൂർ സെൻട്രൽ ജയിലിൽ നിർമ്മിച്ചത് ഒരു ലക്ഷത്തിലേറെ മാസ്‌ക്

post

തൃശൂര്‍: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പ്രതിരോധത്തിനായി വിയ്യൂർ സെൻട്രൽ ജയിലിലെ മാസ്‌ക് നിർമ്മാണ യൂണിറ്റിൽ ആരംഭിച്ച മാസ്‌ക്കുകളുടെ നിർമ്മാണം ഒരു ലക്ഷം കവിഞ്ഞു. കേരളത്തിൽ കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും വിപണിയിൽ പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവ ലഭ്യമല്ലാതാവുകയും ചെയ്തതോടെയാണ് കേരളത്തിലെ ജയിലുകളിൽ നിന്നും തുണികൊണ്ടുള്ള മാസ്‌ക്കുകളും അതിനുപുറമേ ആൽക്കഹോൾ ഉപയോഗിച്ച് സാനിറ്റൈസറുകളും നിർമ്മിച്ചു നൽകാൻ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 14 മുതൽ വിയ്യൂർ സെൻട്രൽ ജയിലിൽ മാസ്‌ക്കിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു.

തുടക്കം ചെറിയ രീതിയിൽ ആയിരുന്നു. പ്രതിദിനം 500 മാസ്‌ക്കുകളാണ് ആദ്യദിനങ്ങളിൽ ഉൽപ്പാദിപ്പിച്ചിരുന്നതെങ്കിൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ഉല്പാദനവും കൂട്ടി. ജയിലിൽ നിലവിലുണ്ടായിരുന്ന തയ്യൽ മെഷീനുകൾ തകരാറുകൾ പരിഹരിച്ച് പൂർണമായി മാസ്‌ക് നിർമാണത്തിനായി ഉപയോഗിച്ചു. ഇതിനുപുറമേ മൂന്ന് പുതിയ തയ്യൽ മെഷീനുകൾ കൂടി വാങ്ങി. ഇപ്പോൾ പ്രതിദിനം 2,500 ലേറെ മാസ്‌കുകൾ ഉൽപാദിപ്പിക്കുന്നു. ഉൽപാദനം തുടങ്ങി 56 ദിവസത്തിനുളളിൽ ഒരു ലക്ഷം മാസ്‌കുകൾ നിർമ്മിച്ചുവെന്ന നേട്ടത്തിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. തുണികൊണ്ടുള്ള രണ്ടു പാളി മാസ്‌കുകളാണ് ആദ്യം വിപണിയിലിറക്കിയത്. ഇപ്പോൾ കേന്ദ്രസർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ നിർദേശങ്ങൾ പാലിച്ച് മൂന്ന് പാളി മാസ്‌ക്കുകളാണ് നിർമ്മിക്കുന്നത്.

പോലീസ്, ഇലക്ട്രിസിറ്റി ബോർഡ്, ക്ഷീരവികസനവകുപ്പ്, വിവിധ സഹകരണസംഘങ്ങൾ, വിവിധ പത്ര ദൃശ്യമാധ്യമങ്ങൾ തുടങ്ങി നിരവധി മേഖലകളിലേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മാസ്‌കുകൾ നിർമ്മിച്ചു നൽകി. അതിനുപുറമേ ജയിലിനു മുന്നിലെ വിൽപ്പന കൗണ്ടർ വഴി പൊതുജനങ്ങൾക്കും മാസ്‌ക് വിൽപ്പന നടത്തി വരുന്നു. മൂന്നു പാളി ഉള്ള തുണി മാസകിന് 15 രൂപയാണ് വില.

ജയിലിൽ സാനിറ്റൈസറിന്റെ നിർമ്മാണം ആരംഭിച്ചത് മാർച്ച് 20 മുതലാണ്. ഇതുവരെ 2,000 ലിറ്റർ സാനിറ്റൈസറാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിർമ്മിച്ചത്. സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം റിസർച്ച് വിങിന്റെ മേൽ നോട്ടത്തി ലാണ് സാനിറ്റൈസർ നിർമ്മാണം നടത്തി വരുന്നത്. ജയിലിന് മുന്നിലുള്ള കൗണ്ടറിൽ നിന്നും 100 മില്ലിലിറ്റർ സാനിറ്റൈസർ 50 രൂപ നിരക്കിലും ലഭ്യമാണെന്ന് സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് അറിയിച്ചു.