പുത്തന്‍ചിറയില്‍ കര്‍ഷകര്‍ക്ക് കാംകോയുടെ സഹായം

post

സൗജന്യമായി നെല്ല് കൊയ്തു കൊടുത്തു

തൃശൂര്‍ : പുത്തന്‍ചിറയിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് മെതിയന്ത്രം ഇറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കാംകോയുടെ സഹായം. കാംകോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് കൊയ്ത്തുയന്ത്രം ഉപയോഗിച്ച് പാകമായ നെല്ല് സൗജന്യമായി കൊയ്തു കൊടുക്കുകയായിരുന്നു. കല്ലന്തറ-ചേന്ദങ്കിരി പാടശേഖരത്തില്‍ പുഞ്ചകൃഷി ഇറക്കിയ കര്‍ഷകരാണ് പാകമായ നെല്ല് കൊയ്‌തെടുക്കാനാകാതെ ബുദ്ധിമുട്ടിലായത്. പാടശേഖരം മുഴുവനായി കൊയ്ത്തിന് പാകമാകാത്തതിനാല്‍ കൊയ്ത്ത് മെതിയന്ത്രം ഇറക്കാന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് വിനയായത്. ഈ സാഹചര്യത്തിലാണ് കാംകോയുടെ സഹായം കര്‍ഷകര്‍ക്ക് തുണയായത്.

കൊയ്ത്തുത്സവം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, കാംകോ ഉദ്യോഗസ്ഥരായ എം ആര്‍ സുരാജ്, പി കെ ഗോപാലകൃഷ്ണന്‍, രതീഷ് എന്നിവര്‍ കൊയ്ത്തിന് നേതൃത്വം നല്‍കി.