ഗര്‍ഭിണികള്‍ക്ക് മാതൃ ശിശു സംരക്ഷണ കാര്‍ഡ് ജില്ലയില്‍ നിര്‍ബന്ധമാക്കുന്നു

post

മലപ്പുറം: അമ്മയുടേയും കുഞ്ഞിന്റേയും സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഗര്‍ഭിണികള്‍ക്ക് മാതൃശിശു സംരക്ഷണ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ജില്ലയിലെ മാതൃമരണങ്ങളെ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ തയ്യാറാക്കിയതാണ് മാതൃ ശിശു സംരക്ഷണ കാര്‍ഡ്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനും പോഷകാഹാര നിലവാരമുയര്‍ത്തുന്നതിനും മാതൃ ശിശു സംരക്ഷണ കാര്‍ഡ് ഗര്‍ഭിണികള്‍ക്ക് ഉപകാരപ്രദമാകും.

ഗര്‍ഭകാലയളവിലും പ്രസവാനന്തരവും ജനനം മുതല്‍ കുട്ടിയുടെ വളര്‍ച്ചയുടെ കാലയളവിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാര്‍ഡില്‍ വിശദീകരിക്കുന്നു. കുട്ടികളില്‍ കാണുന്ന വളര്‍ച്ചയിലെ വൈകല്യങ്ങള്‍ ചിത്രം സഹിതം വിശദീകരിക്കുന്നതിനാല്‍ തുടര്‍ ചികിത്സ എളുപ്പമാകും.

ഒക്ടോബര്‍ മാസത്തില്‍ നടന്ന രണ്ട് മാതൃമരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രസവം നടക്കുന്ന ആശുപത്രികളില്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. രാജേഷ് എന്നിവരും വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമരും യോഗത്തില്‍ പങ്കെടുത്തു.