വനിതകൾക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴിൽ പരിശീലനം ; 14 പേരെ തെരഞ്ഞെടുത്തു

post

മലയാള സിനിമയിലെ സാങ്കേതികരംഗത്ത് സ്ത്രീസാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴിൽ പരിശീലന പരിപാടിയിലേക്ക് 14 പേരെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശ്രീകല എസ്, അനാമിക അശോക്, (പ്രൊഡക്ഷൻ മാനേജ്‌മെന്റ്), വീണ ബി, ജൂലിയ ജി (ലൈറ്റിംഗ്), കവിത ഭാമ, ദിവ്യ കെ.ആർ (ആർട്ട് ആന്റ് ഡിസൈൻ), അശ്വിനി നായർ കെ.പി, പൂജ എസ് കുമാർ (കോസ്റ്റ്യൂം), രേഷ്മ എം, റിംന പി (മേക്കപ്പ്), സാനിയ എസ്, ശാന്തികൃഷ്ണ (പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ) , ധന്യ വി നായർ, നിവ്യ വി.ജി (മാർക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി) എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാംവാർഷികത്തിലെ നൂറു ദിനകർമ്മപരിപാടിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചലച്ചിത്രമേഖലയിൽ തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള വനിതകളെ നിശ്ചിത മാനദദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുത്തത്. ചലച്ചിത്ര അക്കാദമി, നോളജ് ഇക്കോണമി മിഷൻ, ലേബർ കമ്മീഷണറേറ്റ് എന്നിവയിലെ പ്രതിനിധികളടങ്ങുന്ന സമിതി 130 അപേക്ഷകരിൽനിന്ന് നിശ്ചിത യോഗ്യതയുള്ള 47 പേരെ ആദ്യഘട്ടമായ ഓറിയന്റേഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. 2024 സെപ്റ്റംബർ 27,28,29 തീയതികളിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ക്യാമ്പിൽ 30 വനിതകൾ പങ്കെടുത്തിരുന്നു. ഈ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏഴുവിഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേർക്ക് അതത് മേഖലകളിൽ തീവ്ര പ്രായോഗിക പരിശീലനം നൽകും. പരിശീലന കാലയളവിൽ ചലച്ചിത്ര അക്കാദമി മുഖേന നിശ്ചിത തുക സ്‌റ്റൈപ്പന്റ് അനുവദിക്കും. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരത്തിന് വഴിയൊരുക്കും.

മലയാള സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരാണ് പരിശീലനം നൽകുക. ചലച്ചിത്രരംഗത്ത് തൊഴിൽ ചെയ്യുന്നതിനുള്ള പ്രായോഗികമായ അറിവുകൾ നൽകുക, അവരുടെ നിലവിലുള്ള കഴിവുകൾ വികസിപ്പിക്കുകയും അവയുടെ തൊഴിൽ സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.