'കൂകിപ്പായും തീവണ്ടി'; അവധിക്കാല മാഗസിൻ പ്രകാശനം ചെയ്തു

തൃശൂർ: ലോകം കോവിഡ് 19 മഹാമാരിയിൽ അമർന്ന് കിടക്കുമ്പോൾ അന്തിക്കാട് കെ ജി എം എൽ പി സ്കൂളിലെ കൊച്ചുകൂട്ടുകാർ അതിജീവനത്തിന്റെ പുതിയ രസതന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു. പിടിഎയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വീടുകളിൽ വെച്ച് കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ കോർത്തിണക്കിയാണ് 'കൂകിപ്പായും തീവണ്ടി' എന്ന ഓൺലൈൻ മാഗസിൻ 'ഈ ഇരുണ്ടകാലവും കടന്ന് പോകും' എന്ന ടാഗ് ലൈനിൽ ഒരുങ്ങിയിരിക്കുന്നത്. ഗീതാ ഗോപി എംഎൽഎ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫിജി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സജീഷ് മാധവൻ, എക്സിക്യൂട്ടീവ് അംഗം ശ്രീദേവി അനിൽ തുടങ്ങിയവർ പങ്കെടുത്തു.