യാത്രയയപ്പ് ചടങ്ങിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഡോക്ടര്‍മാരുടെ സംഘം

post

ആലപ്പുഴ : സഹപ്രവര്‍ത്തകന്റെയും പ്രിയപ്പെട്ട ഗുരുനാഥന്റെയും ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ചടങ്ങിനായി കരുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും.  ദീര്‍ഘകാലം ആലപ്പുഴയുടെ ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ജെനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ടി. ഡി ഉണ്ണികൃഷ്ണന്‍ കര്‍ത്തക്ക് യാത്രയയപ്പ് നല്‍കാന്‍ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സ്വരൂപിച്ച 107701 രൂപയാണ് ജില്ലാ കളക്ടര്‍ എം. അഞ്ജനക്ക് ഇവര്‍ കൈമാറിയത്.  ലോകമാകെ കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന മാതൃകാപരമായ തീരുമാനമാണ് മെഡിക്കല്‍ കോളേജിലെ ജെനറല്‍ മെഡിസിന്‍ വിഭാഗം കൈക്കൊണ്ടത്. ആരോഗ്യ പ്രവര്‍ത്തകരടക്കം രാപകലില്ലാതെ കൊറോണക്കെതിരെയുള്ള പ്രതിരോധത്തില്‍  അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കല്ല ഇത്തരം സഹായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് തുക കൈമാറിയ ശേഷം ഡോ : ടി. ഡി ഉണ്ണികൃഷ്ണന്‍ കര്‍ത്ത പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ : ആര്‍. വി രാംലാലിനൊപ്പം എത്തിയാണ് ഡോ : കര്‍ത്ത കലക്ടര്‍ക് തുക കൈമാറിയത്.