കുടിവെളള സ്രോതസ്സുകളുടെ സുരക്ഷിത്വം ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യ വകുപ്പ്

post

തൃശൂര്‍: വേനല്‍ക്കാലമായതോടെ ജലലഭ്യത കുറഞ്ഞുവരുന്നതിനാല്‍ കുടിവെളള സ്രോതസ്സുകളുടെ സുരക്ഷിത്വം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നു. ഇതിനായി വാര്‍ഡുകള്‍ തിരിച്ചു സംഘങ്ങളായി വീടുകളിലെ കിണറുകളിലെ കുടിവെളളം സുരക്ഷിതമാണോ എന്ന് പരിശോധിക്കും. വാര്‍ഡൊന്നിന് 10 അല്ലെങ്കില്‍ 40 വീടുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ വോളന്റിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കും. ഗൃഹസന്ദര്‍ശനം നടത്തുമ്പോള്‍ കിണറുകള്‍ നേരത്തെ ക്ലോറിനേറ്റ് ചെയ്തിട്ടുളളതാണോ എന്ന് വിലയിരുത്തും. ഗുണമേന്മ പരിശോധിക്കുന്നതിനുവേണ്ടി അവശിഷ്ട ക്ലോറിന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തും. അവശിഷ്ട ക്ലോറിന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തും. അവശിഷ്ട ക്ലോറിന്‍ പരിശോധനയില്‍ കാണാതെ വന്നാല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് അപ്പോള്‍ തന്നെ ക്ലോറിനേറ്റ് ചെയ്യും. പരിശോധനയില്‍ വെളളം കലങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കലക്കലിന്റെ തോത് മനസ്സിലാക്കുന്നതിനായി കുപ്പിഗ്ലാസ്സില്‍ വെളളം എടുത്ത് നേരിട്ട് നോക്കുകയോ ഉപകരണങ്ങളുടെയോ ലാബുകളുടെയോ സഹായം തോടാവുന്നതുമാണ്.

കുടിവെളളത്തിന്റെ കലക്കല്‍ മാറ്റുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗം വെളളം ശേഖരിച്ച് വെച്ച് തെളിച്ചെടുക്കുകയും അത് ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നതുമാണ്. കിണറുകളിലെ ജലം പൂര്‍ണ്ണമായി വറ്റിച്ച് വൃത്തിയാക്കുന്നതിന് ശക്തമായ പമ്പിംഗ് രീതികള്‍ ഉപയോഗിക്കുന്നത് അഭിലഷണീയമല്ല.


കിണറും ടാങ്കും സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുന്നതിങ്ങനെ


1000 ലിറ്റര്‍ വെളളത്തിന്, 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാം. ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ അളന്നെടുത്ത് കുറച്ചു വെളളം ചേര്‍ത്തത് ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റില്‍ മുക്കാല്‍ഭാഗം വെളളം നിറച്ച് നന്നായി കലക്കിയശേഷം 1015 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെളളം കിണറിലെ തൊട്ടയിലക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെളളത്തില്‍ താഴ്ത്തി നന്നായി ഇളക്കി ചേര്‍ക്കണം. ഒരു മണിക്കുറിനുശേഷം മാത്രം ഈ കിണര്‍ വെളളം ഉപയോഗിക്കുക.

ശേഖരിച്ച് വച്ച വെളളം ശുദ്ധമാക്കുന്ന വിധം

ശേഖരിച്ച് വച്ച വെളളം ശുദ്ധമാക്കാന്‍ ആദ്യം അഞ്ചു ശതമാനം വീര്യമുളള ക്ലോറിന്‍ ലായിനി തയ്യാറാക്കുക. 15 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ്സ് വെളളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വെയ്ക്കണം. തെളിഞ്ഞ് വരുന്ന വെളളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാം. കുടിവെളളം അണുവിമുക്തമാക്കാന്‍ ഒരു ലിറ്റര്‍ വെളളത്തിന് 8 തുളളി (0.5 മില്ലി) ക്ലോറിന്‍ ലായിനി ഉപയോഗിക്കാം. ക്ലോറിന്‍ ഇരുപത് ലിറ്റര്‍ വെളളത്തിന് ഒരു ക്ലോറിന് ഗുളിക എന്ന രീതിയിലും ഉപയോഗിക്കാം. ഒരു മണിക്കുറിനു ശേഷം ഈ വെളളം കുടിക്കാം.