ട്രാന്‍സ്ജെന്റേഴ്സിന് പലവ്യഞ്ജനകിറ്റുമായി കയ്പമംഗലം

തൃശൂര്‍ : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നാനാ മേഖലകളില്‍ നിന്നും സഹായം എത്തുന്നുണ്ട്. ഇപ്പോഴിതാ ട്രാന്‍ജെന്റേഴ്സിനും സഹായം എത്തിക്കുകയാണ് കയ്പ്പമംഗലം. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ ട്രാന്‍സ്ജെന്റ് കുടുംബശ്രീ യൂണിറ്റായ കിരണം അംഗങ്ങള്‍ക്കും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മുഴുവന്‍ ട്രാന്‍സ്ജെന്റുകള്‍ക്കും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്താണ് മണ്ഡലം മാതൃകയാവുന്നത്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അഡ്മിനായ വാട്സാപ്പ് കൂട്ടായ്മയായ ഫോറെവര്‍ ഗ്രൂപ്പാണ് ആവശ്യമായ പലവ്യഞ്ജനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. മണ്ഡലത്തിലെ മുഴുവന്‍ ട്രാന്‍സ്ജെന്റുകള്‍ക്കും എംഎല്‍എ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ കെ അബീദലി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം എ വിജയന്‍, ഫോറെവര്‍ വാട്സാപ്പ് കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.