യാത്രക്കാരുടെ റൂട്ട് നിരീക്ഷിക്കാൻ 'കോവിഡ് കെയർ കേരള' മൊബൈൽ ആപ്പുമായി പോലീസ്

post

പാലക്കാട്: സംസ്ഥാന,  ജില്ലാ അതിർത്തികൾ കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും  യാത്രക്കാരുടെയും യാത്ര 'കോവിഡ്  കെയർ കേരള' ആപ്പിന്റെ  സഹായത്തോടെ പോലീസ് കർശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ അതിർത്തികളിൽ  പരിശോധനയ്ക്കിടയിൽ യാത്രക്കാരുടെയും വാഹനത്തിന്റെയും  ഫോട്ടോ, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം,  റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം, എന്നിവ പോലീസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നു പോകുന്ന മറ്റ്  റൂട്ടുകളിൽ പരിശോധന നടത്തുന്ന പോലീസുകാർക്ക് കൃത്യമായി നിരീക്ഷിക്കാനും കഴിയും. ജില്ലയിലെ അതിർത്തികളിൽ പരിശോധന നടത്തുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും നാളെമുതൽ ഇത്തരത്തിൽ മൊബൈൽ ആപ്പ് വഴി പരിശോധന കർശനമാക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. മനോജ് കുമാർ അറിയിച്ചു.  യാത്രകൾക്ക്  പുറത്ത് ഇറങ്ങുന്നവർ  ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനും വാഹനങ്ങളിൽ ആളുകൾ മാറി കയറുന്നത് കണ്ടുപിടിക്കാനും ഈ ആപ്പ് പോലീസിന് കൂടുതൽ സഹായകമാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.